ചായക്കടയില്‍ നിന്നുള്ള കൊടുങ്കാറ്റ്‌

Posted on: May 17, 2014 12:06 am | Last updated: May 17, 2014 at 12:06 am

‘പാര്‍ട്ടി യോഗങ്ങളില്‍ ചായ വിതരണം ചെയ്യേണ്ടയാള്‍’ എന്ന് കോണ്‍ഗ്രസ് പരിഹസിച്ച് ഒതുക്കാന്‍ ശ്രമിച്ച നരേന്ദ്ര മോദി പ്രതിബന്ധങ്ങളൊന്നുമില്ലാതെ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേര ഉറപ്പിക്കുമ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. 1985നു ശേഷം കോണ്‍ഗ്രസ് അല്ലാത്ത മറ്റൊരു കക്ഷി ഒറ്റക്ക് ഇന്ദ്രപ്രസ്ഥത്തില്‍ ഭരണമുറപ്പിക്കുമ്പോള്‍ അത് മോദി തരംഗമല്ലാതെ മറ്റൊന്നുമല്ല സൂചിപ്പിക്കുന്നത്.
1957 സെപ്തംബര്‍ 17ന് താരതമ്യേന താഴ്ന്ന വൈശ്യ വിഭാഗത്തില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ കുട്ടിക്കാലം കഷ്ടപ്പാടുകളുടേതായിരുന്നു. ദാമോദര്‍ദാസ് മുള്‍ചന്ദ് ദാസ് മോദിയുടെയും ഹീരാബെന്നിന്റെയും ആറ് മക്കളില്‍ മൂന്നാമനായാണ് അദ്ദേഹത്തിന്റെ ജനനം. പഠനത്തില്‍ ശരാശരി മാത്രം നിലവാരം പുലര്‍ത്തിയിരുന്ന നരേന്ദ്ര മോദി മൂത്ത സഹോദന്റെ കൂടെ ബസ്സ്റ്റാന്‍ഡില്‍ ചായക്കച്ചവടം നടത്തിയാണ് ജീവിതം തുടങ്ങുന്നത്. അതിനിടയില്‍ രണ്ട് വര്‍ഷത്തോളം ഹിമാലയനിരകളില്‍ സഞ്ചരിച്ച് തിരിച്ചെത്തിയ ശേഷം ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കാന്റീനില്‍ ചായവിതരണക്കാരനായി ജോലി തുടര്‍ന്നു. 1970 ല്‍ ആര്‍ എസ് എസ് പ്രചാരക് ആയി സംഘടനാ പ്രവര്‍ത്തനം തുടങ്ങും വരെ ചായക്കടക്കാരന്റെ വേഷമായിരുന്നു മോദിക്ക്. നാഗ്പൂരില്‍ നിന്ന് ആര്‍ എസ് എസ് പരിശീലനം ലഭിച്ചതോടെ സംഘ്പരിവാറില്‍ സജീവമായി. സംഘ്പരിവാറിന്റെ വിദ്യാര്‍ഥി വിഭാഗമായ അഖില്‍ ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ഗുജറാത്തിലെ ചുമതലക്കാരനായി മോദി വളരെ പെട്ടന്നു തന്നെ ഉയര്‍ന്നുവന്നു. ഇതിനിടയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും വിദൂരവിദ്യാഭ്യാസം വഴി നേടിയെടുത്തു.
1971 ലെ ഇന്ത്യ- പാക്കിസ്ഥാന്‍ യദ്ധവും തുടര്‍ന്ന് 1975ലെ അടിയന്തരാവസ്ഥയും മോദിയിലെ രാഷ്ട്രീയക്കാരനെ പുറത്തെത്തിച്ചു. അടിയന്തരാവസ്ഥക്കെതിരെ ഒളിവില്‍ക്കിടന്ന് ജയപ്രകാശ് നാരായണനൊപ്പം പ്രചാരണം നടത്തിയതില്‍ മോദിയുമുണ്ടായിരുന്നു. 1985ലാണ് മോദിയെ ആര്‍ എസ് എസ് മുന്‍കൈയെടുത്ത് ബി ജെ പിയില്‍ എത്തിക്കുന്നത്. ശങ്കര്‍സിംഗ് വഗേലയും കേശുഭായ് പട്ടേലും ഗുജറാത്തില്‍ ബി ജെ പിയുടെ അമരക്കാരായിരിക്കുന്ന കാലമായിരുന്നു അത്. 1988ല്‍ ഗുജറാത്തിലെ ബി ജെ പിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി അദ്ദേഹം നിയമിതനായി. തുടര്‍ന്ന് 1991ല്‍ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടന്ന ഏക്താ യാത്രയില്‍ നരേന്ദ്ര മോദിയും അംഗമായി ചേര്‍ന്നതോടെയാണ് മോദി ശ്രദ്ധിക്കപ്പെട്ടുതുടങ്ങുന്നത്. 1995ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിലേക്ക് പാര്‍ട്ടിയെ എത്തിച്ചതിന്റെ ഖ്യാതി അദ്ദേഹത്തിന് അവകാശപ്പെട്ടതായിത്തീര്‍ന്നു. 95ല്‍ മോദി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹിമാചല്‍ പ്രദേശിന്റെയും ഹരിയാനയുടെയും സംഘടനാ ചുമതലക്കാരനായാണ് മോദിയുടെ ദേശീയ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍, 1998ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം കേശുഭായ് പട്ടേലിന് സംഘടനയില്‍ ക്ഷീണമുണ്ടാക്കിയ സമയത്താണ് മോദി പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയുക്തനാകുന്നത്. പാര്‍ട്ടിക്കകത്ത് നിലനിന്നിരുന്ന വിയോജിപ്പുകളെ കൂട്ടിയിണക്കി 1996 ലെ അസംബ്ലി തിരഞ്ഞെടുപ്പ് വിജയത്തിലേക്കെത്തിക്കാന്‍ മോദിയുടെ നയതന്ത്രത്തിന് കഴിഞ്ഞു.
മുഖ്യമന്ത്രിയായി വന്ന കേശുഭായ് പട്ടേല്‍ ആരോഗ്യകാരണങ്ങളാലും, അധികാര ദുര്‍വിനിയോഗം, അഴിമതി, ആ വര്‍ഷമുണ്ടായ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ച എന്നിങ്ങനെയുള്ള ആരോപണങ്ങളാലും 2001ല്‍ സ്ഥാനമൊഴിയുകയും പകരം നരേന്ദ്രമോദി മുഖ്യമന്ത്രിയായി അവരോധിതനാകുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, വാജ്പയ് എന്നിവരുടെ എതിര്‍പ്പിനെ അതിജീവിച്ചായിരുന്നു 2001 ഒക്‌ടോബര്‍ ഏഴിന് ഗുജറാത്തിന്റെ ഭരണതലത്തിലേക്കുള്ള മോദിയുടെ രംഗപ്രവേശം. ഉപ മുഖ്യമന്ത്രിയാക്കാമെന്ന വാജ്പയുടെ വാഗ്ദത്തം തള്ളിക്കളഞ്ഞ് താന്‍ മുഴുവന്‍ ചുമതലയും ഏറ്റെടുക്കുകയാണെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു മോദി. തുടര്‍ന്നാണ് ഗുജറാത്ത് വംശഹത്യ അരങ്ങേറുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മോദി രാജിവെക്കണമെന്ന് അതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നു. എന്‍ ഡി എയുടെ ഘടകകക്ഷികളായ ഡി എം കെ, ടി ഡി പി എന്നിവയും മോദിയുടെ രാജി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ഈ ആവശ്യം ഉന്നയിച്ച് പാര്‍ലിമെന്റ് സ്തംഭിപ്പിച്ചു. 2002 ഏപ്രിലില്‍ ഗോവയില്‍ നടന്ന ബി ജെ പിയുടെ ദേശിയ നിര്‍വാഹക സമിതി യോഗത്തില്‍ മോദി രാജിക്കത്ത് നല്‍കി. എന്നാല്‍ പാര്‍ട്ടി അത് സ്വീകരിച്ചില്ല. തുടര്‍ന്ന് 2002 ജൂലൈ 19ന് മോഡി അടിയന്തര ക്യാബിനറ്റ് ചേരുകയും മന്ത്രിസഭ രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 127 ലും ജയിച്ച് തന്റെ അപ്രമാദിത്വം ആദ്യമായി ഉറപ്പിക്കുകയായിരുന്നു മോദി. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായിരുന്നു അന്നത്തെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. തുടര്‍ന്നു വന്ന രാഷ്ട്രീയ വര്‍ഷങ്ങളില്‍ വ്യാജ ഏറ്റുമുട്ടലും ഔദ്യോഗിക സംവിധാനമുപയോഗിച്ച് യുവതിയെ നിരീക്ഷിച്ചതും വിടാതെ പിന്തുടരുമ്പോഴും മോദി തന്റെ ലക്ഷ്യത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
വിവാദങ്ങളും വികസനവാദങ്ങളുമായി മോദി തന്റെ ഭരണം നാലാം വട്ടവും ഉറപ്പിച്ച് മുന്നേറുന്നതിനിടയിലാണ് ‘ഗുജറാത്ത് മോഡല്‍’ രാജ്യമൊട്ടുക്കും ചര്‍ച്ചയാകുന്നത്. ക്രമേണ മോദി ബി ജെ പിയുടെ തുറപ്പ്ചീട്ടായി മാറുന്ന കാഴ്ചയാണ് കണ്ടത്. 2009 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മോദി സക്രിയമായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് രാജ്യം ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ, പാര്‍ട്ടിയുടെ സാധാരണ ചിട്ടവട്ടങ്ങള്‍ എല്ലാം മാറ്റിവെച്ച് മോദി എന്ന അതികായന്‍ 2012 ജൂണ്‍ 10ന് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിതനാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബി ജെ പിയുടെ ഉന്നതാധികാര സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡിലേക്ക് 2013 മാര്‍ച്ചില്‍ തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് മോദി പാര്‍ട്ടിയില്‍ എല്ലാ അര്‍ഥത്തിലും അദ്വിതീയനാകുന്നത്. മോദിക്ക് കിട്ടുന്ന ഈ അതിപ്രാധാന്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി എല്ലാ സംഘടനാ ഭാരവാഹിത്വങ്ങളില്‍ നിന്നും രാജിവെച്ച് പ്രതിഷേധിച്ചെങ്കിലും ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെ ഇടപെടലിനെ തുടര്‍ന്ന് പിറ്റേന്ന് തന്നെ രാജിപ്രഖ്യാപനം പിന്‍വലിച്ചു. അഡ്വാനിയുടെ വിയോജിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ ആര്‍ എസ് എസിന്റെ അകമഴിഞ്ഞ പിന്തുണയായിരുന്നു പിന്നീട് മോദിയുടെ ശക്തി.
2013 സെപ്തംബറില്‍ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ നരേന്ദ്ര മോദിയെ പ്രഖ്യാപിക്കുന്നതോടെ വിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും പാര്‍ട്ടിയിലെ മുറുമുറുപ്പുകളുമായി 2014 പൊതുതിരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഉയരുകയായിരുന്നു. പൊതുവേ, വൈകി മാത്രം ഉണരുന്ന കോണ്‍ഗ്രസിന് പോലും മോദിയെ പ്രതിരോധിക്കുന്നതിന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് നേരെത്തേയിറേങ്ങണ്ടിവന്നു. കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാറിന്റെ അഴിമതി ഭരണത്തിനെതിരെ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രാചാരണമെങ്കിലും, ചിലപ്പോഴെങ്കിലും അതില്‍ സാമുദായിക സ്പര്‍ധയുടെ സ്വരവും കേള്‍ക്കാനിടയായി. വരാണസിയിലും വഡോദരയിലും നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതോടെ പാര്‍ലിമെന്റിലേക്കുള്ള മോദിയുടെ കന്നിയങ്കത്തിന് വേദിയൊരുങ്ങി. മൂന്ന് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് വഡോദരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മധുസൂദന്‍ മിസ്ത്രിയെയും വരാണസിയില്‍ ഒന്നരലക്ഷത്തോളം വോട്ടുകള്‍ക്ക് എ എ പി സ്ഥാനാര്‍ഥി അരവിന്ദ് കെജ്‌രിവാളിനെയും പരാജയപ്പെടുത്തി രാഷ്ട്രീയ ഭരതത്തെ കാവിയണിയിക്കുന്ന ദൗത്യത്തില്‍ മോദി തന്റെ ഒപ്പ് കൂടി ചാര്‍ത്തി.
സമീപഭാവിയില്‍ രാജ്യത്ത് സമാനതയില്ലാത്ത വിജയമാണ് ബി ജെ പി സ്വന്തമാക്കിയിട്ടുള്ളത്. രാജ്യത്ത് മോദി തരംഗമെന്ന് പാര്‍ട്ടി ഒന്നടങ്കം പറയുമ്പോഴും വിമത സ്വരമുയരുന്നത് കണ്ടില്ലെന്നു നടിക്കാനാകില്ല. ബി ജെ പിയുടെ വിജയത്തില്‍ മോദിയുടെ പങ്ക് പരിശോധിക്കപ്പെടേണ്ടതാണെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ പ്രസ്താവന വിജയത്തിനു പിന്നാലെ പുറത്തുവരുമ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്നേക്കാവുന്ന അസ്വാരസ്യങ്ങള്‍ വെളിപ്പെടുന്നുണ്ട്. അഴിമഴിതിക്കും വിലക്കയറ്റത്തിനും കുടംബാധിപത്യത്തിനും എതിരായുള്ള ജനവിധിയെന്നാണ് അദ്വാനിയുടെ പക്ഷം. ഇത് മോദിയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള പ്രതികരണമാണ്. മുതിര്‍ന്ന നേതാക്കളായ മുരളീ മനോഹര്‍ ജോഷി, സുഷമാ സ്വരാജ് തുടങ്ങിയവരും മോദിയുമായി അത്ര രസത്തിലല്ല. ഇതൊക്കെ ഏതൊക്കെ തരത്തിലുള്ള വെല്ലുവിളികളാകും മോദിയിലുണ്ടാക്കുകയെന്നതും കാത്തിരുന്നു കാണേണ്ടതാകും. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കല്‍, ഏകീകൃത സിവില്‍ കോഡ്, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ വിവാദ വിഷയങ്ങളില്‍ മോദി കൈക്കെള്ളുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്ന കാത്തിരിപ്പ് കൂടിയാകും അദ്ദേഹത്തിന്റെ ഭരണവര്‍ഷങ്ങള്‍.