മധ്യകേരളത്തില്‍ ചലനമുണ്ടാക്കി ആം ആദ്മി

Posted on: May 17, 2014 12:59 am | Last updated: May 17, 2014 at 12:00 am

കൊച്ചി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി ലോക്‌സഭ തിരഞ്ഞെടുപ്പോടെ കേരളത്തിലും പ്രത്യേകിച്ച് മധ്യകേരളത്തില്‍ ചലനമുണ്ടാക്കിത്തുടങ്ങി. എറണാകുളം, തൃശൂര്‍ കോട്ടയം ജില്ലകളിലെ തങ്ങളുടെ ശക്തമായ സ്വാധീനം വ്യക്തമാക്കുന്നതാണ് ഇവിടങ്ങളിലെ സ്ഥാനാര്‍ഥികളുടെ വോട്ടിംഗ് നില.
എറണാകുളത്ത് മത്സരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപാണ് ആം ആത്മി പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. അനിത പ്രതാപ് 51517 വോട്ട് നേടിയപ്പോള്‍, തൃശൂരില്‍ മത്സരിച്ച എഴുത്തുകാരി സാറ ജോസഫ് 44,638 വോട്ടും എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടില്‍ മത്സരിച്ച കെ എം നൂറുദ്ദീന്‍ 35,189 വോട്ടും കരസ്ഥമാക്കി ചെറുതല്ലാത്ത സാന്നിദ്ധ്യം അറിയിച്ചു. കോട്ടയത്തെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അനിയല്‍ ആയിക്കര 26,381 വോട്ടും ഇടുക്കിയില്‍ സില്‍വി സുനില്‍ 11,215 വോട്ടും ആലപ്പുഴയില്‍ ഡി മോഹനന്‍ 9414 വോട്ടും നേടി ആം ആത്മി പാര്‍ട്ടിയുടെ സാന്നിധ്യം അറിയിച്ചു. ഈ മണ്ഡലങ്ങളില്‍ ആലപ്പുഴ ഒഴികെയുള്ള അഞ്ചിടങ്ങളിലും പാര്‍ട്ടി ബി ജെ പിക്കു പിന്നിലായി നാലാം സ്ഥാനത്തെത്തി.
കോഴിക്കോട്ട് മത്സരിച്ച കെ പി രതീഷും(13,934 വോട്ട്) തിരുവനന്തപുരത്ത് അജിത് ജോയിയും(14,153വോട്ട്) നാലാം സ്ഥാനത്തെത്തി. വയനാട് മത്സരിച്ച പി പി എ സക്കീര്‍ 10,684 വോട്ടാണ് എ എ പിയുടെ അക്കൗണ്ടില്‍ ചേര്‍ത്തത്. ഇവിടങ്ങളിലെല്ലാം എസ് ഡി പി ഐയുടെതടക്കമുള്ള സ്ഥാനാര്‍ഥികള്‍ ആം ആദ്മിി പാര്‍ട്ടിക്കു പിന്നിലാണെന്നുള്ളതും ശ്രദ്ധേയമാണ്. മാവേലിക്കരയില്‍ എന്‍ സദാനന്ദന്‍(7753 വോട്ട്)പാലക്കാട് ബി പത്മനാഭന്‍(4933 വോട്ട്), പൊന്നാനി ഷൈലോക്ക്(9504 വോട്ട്), വടകര അലി അക്ബര്‍(6245 വോട്ട്), കണ്ണൂര്‍ ശശിധരന്‍ കെ വി(6106 വോട്ട്) കാസര്‍ക്കോട് അമ്പലത്തറ കുഞ്ഞിക്രി(4996വോട്ട്) എന്നിവരാണ് എ എ പിക്കു വേണ്ടി മത്സരിച്ച മറ്റ് സ്ഥാനാര്‍ഥികള്‍.എറണാകുളത്തും തൃശൂരും ചാലക്കുടിയിലും സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവമാണ് വോട്ടിംഗ് നില കൂട്ടിയെതെന്നു പറയാമെങ്കിലും മറ്റു മണ്ഡലങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തിലും വേരോട്ടം തുടങ്ങി എന്ന് വ്യക്തം.