Connect with us

Ongoing News

ലക്ഷദ്വീപിലും കോണ്‍ഗ്രസിന് തിരിച്ചടി

Published

|

Last Updated

കൊച്ചി: ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിന് ദ്വീപിലും തിരിച്ചടി. ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് ആധിപത്യം തൂത്തെറിഞ്ഞ് യു പി എ ഘടകകക്ഷിയായ എന്‍ സി പിയുടെ പി പി മുഹമ്മദ് ഫൈസലാണ് അട്ടിമറി വിജയം നേടിയത്. കോണ്‍ഗ്രസ് വിരുദ്ധ വികാരം അലയടിച്ചിരുന്ന ലക്ഷദ്വീപില്‍ എന്‍ സി പിയുടെ സ്ഥാനാര്‍ത്ഥി പി പി മുഹമ്മദ് ഫൈസല്‍ 1535 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എം പിയായ ഹംദുള്ള സെയ്ദിനെ തോല്‍പ്പിച്ചത്. ജനവാസമുള്ള പത്ത് ദ്വീപുകളില്‍ ആറ് ദ്വീപിലും കോണ്‍ഗ്രസിനെ പിന്നിലാക്കിയാണ് മുഹമ്മദ് ഫൈസല്‍ വിജയിച്ചത്. സി പി ഐ ഉള്‍പ്പടെ ശക്തമായി കോണ്‍ഗ്രസിന്റെ ഭരണത്തിനെതിരെ നടത്തിയ കാമ്പയിനിന്റെ വിജയം കൂടിയായി മാറി കോണ്‍ഗ്രസിന്റെ തകര്‍ച്ച. ആദ്യമായി തെരഞ്ഞെടുപ്പ് മല്‍സരരംഗത്തിറങ്ങിയ സിപിഐ പ്രചാരണരംഗത്ത് വന്‍മുന്നേറ്റമാണ് നടത്തിയത്.
43,242ല്‍ 21,665 വോട്ട് മുഹമ്മദ് ഫൈസല്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹംദുള്ളയ്ക്ക് 20,130 വോട്ടാണ് ലഭിച്ചത്. ചെത്ത്‌ലത്ത്, കില്‍ത്താന്‍, അമനി,കല്‍പേനി, കവരത്തി,അഗത്തി, എന്നീ ദ്വീപുകളില്‍ എന്‍സിപിക്ക് ലീഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞു. കടമത്ത്, ആന്തോത്ത്,മിനിക്കോയ്, ബിത്ര എന്നിവിടങ്ങളിലെ നേരിയ ലീഡിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങുകയും ചെയ്തു. മറ്റു സ്ഥാനാര്‍ഥികളായ കോമളം കോയ(എസ് പി) 488 ഉം ഡോ. അബ്ദുല്‍ മുനീര്‍ 468ഉം എം പി സെയ്ത് മുഹമ്മദ് കോയ(ബി ജെ പി)188ഉം സി ടി നജ്മുദ്ദീന്‍(സി പി ഐ)181ഉം വോട്ടുകള്‍ നേടി.
കോണ്‍ഗ്രസ് നേതാവും മുന്‍ലോക്‌സഭാ സ്പീക്കറുമായിരുന്ന പി എം സെയ്ദിന്റെ കുത്തക സീറ്റ് അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ഹംദുല്ല സെയ്ദിലൂടെ നിലനിര്‍ത്തിയ കോണ്‍ഗ്രസിന് ഇത്തവണ ജനവിധിയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.
1967 മുതല്‍ കോണ്‍ഗ്രസ് നേതാവ് പി എം സെയ്ദ് പത്ത് തവണ വിജയിച്ച ലക്ഷദ്വീപ് മണ്ഡലത്തില്‍ 1999 ലെ തെരഞ്ഞെടുപ്പില്‍ ജനതാദളിലെ പി പൂക്കുഞ്ഞിക്കോയയാണ് ആദ്യ തിരിച്ചടി നല്‍കുന്നത്. പൂക്കുഞ്ഞികോയയില്‍ നിന്ന് മണ്ഡലം 2004 ല്‍ തിരിച്ചുപിടിച്ചെങ്കിലും പി എം സെയ്ദിന്റെ മരണത്തെ തുടര്‍ന്ന് 2009 ല്‍ മകന്‍ ഹംദുള്ളസെയ്ദിനെ കോണ്‍ഗ്രസ് നിയോഗിക്കുകയായിരുന്നു.സഹതാപ തംരംഗത്തില്‍ 2198 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹംദുല്ല സെയ്ദി ദ്വീപ് ജനതയെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു നടത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ദ്വീപില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വീണ്ടും അധികാരം നിലനിര്‍ത്താനുള്ള നീക്കങ്ങളായിരുന്നു കോണ്‍ഗ്രസ് നടത്തിയത്.
വികസനമുരടിപ്പില്‍ നില്‍ക്കുന്ന ദ്വീപ് ജനതയുടെ രോക്ഷപ്രകടനമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കോണ്‍ഗ്രസിന്റെ അടിമത്വത്തില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിക്കാനാണ് താന്‍ ശ്രമിക്കുകയെന്നും വിജയിച്ച ഫൈസല്‍ ജനയുഗത്തോട് പറഞ്ഞു.
എന്‍ സി പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് പൂക്കോയ തങ്ങളുടെയും സഫിയബിയുടെയും മകനായ മുഹമ്മദ് ഫൈസല്‍ കോഴിക്കാടായിരുന്നു ഉപരിപഠനം നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം ബി എ ബിരുദം നേടിയ ഫൈസല്‍ വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ പൊതുരംഗത്ത് എത്തിയതാണ്. റഹ് മത്താണ് ഭാര്യ. ഫസ്‌ന ബിന്‍ദ് ഫൈസല്‍, ആയിഷ ലിയാന, ആയിഷ നവീത, ഖുത്ത്ബൂദ്ദീന്‍ ബഹ്ത്തിയാന്‍ എന്നിവരാണ് മക്കള്‍.

 

Latest