Connect with us

National

തമിഴകത്ത് തലൈവിത്തിളക്കം

Published

|

Last Updated

jayalalaithaലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ തേരോട്ടത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. മൊത്തം 39 സീറ്റുകളില്‍ 37ലും സര്‍വാധിപത്യം നേടിയ ജയലളിതയുടെ ആള്‍ ഇന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം(എ ഐ എ ഡി എം കെ) ദേശീയ രാഷ്ട്രീയത്തിലേക്ക് തുലനം ചെയ്യുമ്പോള്‍ ഏറ്റവും വലിയ മൂന്നാം കക്ഷിയുമായി കഴിവ് തെളിയിച്ചിരിക്കുകയാണ്. അതേസമയം, ബി ജെ പി കേവല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സീറ്റുകള്‍ കൈക്കലാക്കിയതോടെ പ്രത്യേകിച്ച് നേട്ടമൊന്നും ഇത് ദേശീയ രാഷ്ട്രീയത്തില്‍ എ ഐ എ ഡി എം കെക്ക് നല്‍കുകയുമില്ല. എന്‍ ഡി എക്ക് കേവല ഭൂരിപക്ഷമായ 272 സീറ്റുകള്‍ കിട്ടാതിരിക്കുകയും കേന്ദ്രത്തില്‍ മൂന്നാം മുന്നണി രൂപവത്കരിക്കേണ്ടിവരുകയും ചെയ്താല്‍ പ്രധാനമന്ത്രിയാകാമെന്ന് വരെ ജയലളിത സ്വപ്‌നം കണ്ടിരുന്നെങ്കിലും എല്ലാം വെറുതെയായി. അതേസമയം, നിലവില്‍ തമിഴ്‌നാടിന്റെ അധികാരം കൈയാളുന്ന ഇവര്‍ക്ക് സ്വന്തം തട്ടകത്തില്‍ സര്‍വാധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞത് എതിരാളികളെ ഞെട്ടിച്ചുകളഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ മോദി തരംഗമാണെങ്കില്‍ തമിഴ്‌നാട്ടില്‍ ഇത് “അമ്മ” തരംഗവുമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ തരക്കേടില്ലാതെ സാന്നിധ്യം അറിയിച്ചിരുന്ന ഡി എം കെ ചിത്രത്തില്‍ തന്നെ ഇല്ല. ഓരോ സീറ്റുകള്‍ കൊണ്ട് ബി ജെ പിക്കും പി എം കെക്കും തൃപ്തിപ്പെടേണ്ടിയും വന്നു. ചരിത്രത്തിലെ തന്നെ എ ഐ എ ഡി എം കെയുടെ ഏറ്റവും വലിയ മുന്നേറ്റമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിഞ്ഞത്. 1998ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 18 സീറ്റ് വരെയാണ് പരമാവധി പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചിരുന്നത്.
ടു ജി അഴിമതി കേസില്‍ ഉള്‍പ്പെട്ട് ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടിവന്ന ഡി എം കെയുടെ എ രാജ(നീലഗിരി), മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍(സെന്‍ട്രല്‍ ചെന്നൈ), ടി ആര്‍ ബാലു(തഞ്ചാവൂര്‍) തുടങ്ങിയ പ്രമുഖരെല്ലാം തോല്‍വിയുടെ കയ്പുനീരറിഞ്ഞു. ഡി എം കെയുടെ ശക്തികേന്ദ്രങ്ങളായിരുന്ന നോര്‍ത്ത് ചെന്നൈ, സെന്‍ട്രല്‍ ചെന്നൈ, സൗത്ത് ചെന്നൈ എന്നിവിടങ്ങളിലെല്ലാം ജയലളിത വിജയക്കൊടി പാറിച്ചു. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പത്തിലധികം സീറ്റുകളില്‍ പാര്‍ട്ടിയുടെ വിജയ ഭൂരിപക്ഷം. എ രാജക്കെതിരെ മത്സര രംഗത്തുണ്ടായിരുന്ന സി ഗോപാലകൃഷ്ണന്‍ 1,04,090 വോട്ടുകളുടെ മഹാഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. അതേസമയം, 2ജി കേസുമായി തിരഞ്ഞെടുപ്പിലെ പരാജയത്തിന് ബന്ധമില്ലെന്നാണ് രാജയുടെ വിശദീകരണം. ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം(ഡി എം ഡി കെ), മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം(എം ഡി എം കെ), പട്ടാളി മക്കള്‍ കച്ചി(പി എം കെ), ആം ആദ്മി പാര്‍ട്ടി(എ എ പി), ഇടത് പാര്‍ട്ടികള്‍ എന്നിവക്കൊന്നും സംസ്ഥാനത്ത് യാതൊരു വിധത്തിലുള്ള സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്ത്‌വന്നതോടെ ബി ജെ പി നയിക്കുന്ന എന്‍ ഡി എയെ പിന്തുണക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് എ ഐ എ ഡി എം കെ നേതാവ് ജയലളിത വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലും നേതൃത്വത്തിലും ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. സമാനതകളില്ലാത്ത വിജയമാണ് പാര്‍ട്ടിക്ക് ഉണ്ടായിരിക്കുന്നത്. തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഉപകരിച്ചുവെന്ന് ഈ വിജയത്തില്‍ നിന്ന് മനസ്സിലാക്കാം. പുതിയ പ്രധാനമന്ത്രിയും സര്‍ക്കാറും തമിഴ്‌നാട് സംസ്ഥാനത്തോട് സൗഹൃദത്തോടെ പെരുമാറുമെന്നും തന്റെ വസതിയില്‍ വെച്ച് ജയലളിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഡി എം കെ, ജനങ്ങളുടെ വിധിക്ക് മുമ്പില്‍ തലകുനിക്കുന്നതായി സമ്മതിച്ചു. സമാനമായ പരാജയങ്ങള്‍ മുമ്പും പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം ഉജ്വലമായി പാര്‍ട്ടി തിരിച്ചുവന്നിട്ടുണ്ടെന്നും ഡി എം കെ നേതാവ് എം കരുണാനിധി ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest