Connect with us

Ongoing News

വെച്ചുമാറ്റത്തില്‍ കാലിടറി; തൃശൂരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാകും

Published

|

Last Updated

തൃശൂര്‍: തൃശൂരില്‍ കെ പി ധനപാലനും ചാലക്കുടിയില്‍ പി സി ചാക്കോയും തോറ്റത് ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വരും നാളുകളില്‍ കലാപക്കൊടി ഉയര്‍ത്തുമെന്നുറപ്പായി. മനസ്സില്ലാമനസ്സോടെയാണ് ചാലക്കുടിയിലെ സിറ്റിംഗ് എം പി. കെ പി ധനപാലന്‍ തൃശൂരില്‍ മത്സരിക്കാന്‍ സമ്മതം മൂളിയത്. ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദവും ചാക്കോക്ക് ഹൈക്കമാന്‍ഡിലുള്ള സ്വാധീനവും ചാലക്കുടിയില്‍ വീണ്ടും മത്സരിക്കാമെന്ന ധനപാലന്റെ മോഹത്തെ ഇല്ലാതാക്കുകയായിരുന്നു. ചാലക്കുടിയിലേക്ക് ചേക്കേറുന്നതോടെ ഗ്രൂപ്പ് പോരില്‍ നിന്ന് മുക്തനാകാമെന്നും പാരമ്പര്യമായി യു ഡി എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലമെന്നതും ചാക്കോയുടെ മാറ്റത്തിന് ആക്കം കൂട്ടി. ചാക്കോയെ ഓടിക്കാന്‍ കാണിച്ച ആവേശം ധനപാലനെ സ്വീകരിക്കുന്നതിലും വിജയിപ്പിക്കുന്നതിലും തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായില്ല.

എ, ഐ ഗ്രുപ്പുകള്‍ പരസ്പരം ഗ്രൂപ്പ് പോരില്‍ മുറുകി കൊമ്പ് കോര്‍ത്തപ്പോള്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിച്ചിരുന്ന ചാലക്കുടിയാണ് നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പോര് കോണ്‍ഗ്രസില്‍ തുടങ്ങിയിരുന്നു. ചാക്കോയെ തൃശൂരില്‍ വേണ്ടെന്ന് വ്യക്തമാക്കി കെ പി സി സി ജനറല്‍ സെക്രട്ടറി വി ടി ബലറാമിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയിരുന്നു.തുടര്‍ന്ന് വരത്തന്‍മാന്‍ തൃശൂരില്‍ മത്സരിക്കാന്‍ വരേണ്ടതില്ലെന്നും തൃശൂര്‍ ജില്ലക്കാരനായ സ്ഥാനാര്‍ഥി മത്സരത്തിനിറങ്ങിയാല്‍ മതിയെന്നുമുള്ള പോസ്റ്ററുകള്‍ സേവ് കോണ്‍ഗ്രസിന്റെ പേരില്‍ തൃശൂര്‍ നഗരത്തിലുടനീളം തിരഞ്ഞെടുപ്പിന് മുമ്പേ പ്രത്യക്ഷപ്പെട്ടിരുന്നു. ചാക്കോക്ക് കത്തോലിക്കാ സഭയുടെ എതിര്‍പ്പും കൂടിയായതോടെ കെ പി സി സിയും ഹൈക്കമാന്‍ഡും ഇടപെടുകയായിരുന്നു.
ധനപാലനെയും തൃശൂരിലെ മന്ത്രി സി എന്‍ ബാലകൃഷ്ണനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് ഹൈക്കമാന്‍ഡ് തൃശൂരില്‍ ചാക്കോയെ ഏതു വിധേനയും ജയിപ്പിച്ചെടുക്കണമെന്ന ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം നല്‍കിയത് നടപ്പാക്കാന്‍ കഴിയാതെ വന്നതിന് തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളുടെ ചുമതലയുള്ള ഡി സി സി പ്രസിഡന്റും മന്ത്രി സി എന്‍ ബാലകൃഷ്ണനും ഉത്തരം പറയേണ്ടിവരും. മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ സ്ഥാനം തെറിക്കുമെന്ന് ഏറെ ഉറപ്പായി.

Latest