പ്രവാസി പുനരധിവാസത്തിന് പുതിയ പാക്കേജ്‌

Posted on: May 16, 2014 12:52 am | Last updated: May 15, 2014 at 11:53 pm

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി മിഷന്‍ 676 പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമഗ്രമായ പുനരധിവാസ പദ്ധതി തയാറാക്കുന്നു, നോര്‍ക്ക മേഖലാ ഓഫീസുകള്‍ ഇല്ലാത്ത കാസര്‍കോട്, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, വയനാട്, ഇടുക്കി ജില്ലകളില്‍ നോര്‍ക്ക സെല്ലുകള്‍ തുടങ്ങുമെന്ന് പ്രവാസികാര്യ മന്ത്രി കെ സി ജോസഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. യു ഡി എഫ് സര്‍ക്കാറിന്റെ അടുത്ത രണ്ട് വര്‍ഷത്തില്‍ പ്രവാസി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശ നിരക്കില്‍ സബ്‌സിഡിയോടെയുള്ള പദ്ധതികള്‍ നൂറ് ദിവസത്തിനുള്ളില്‍ തയ്യാറാക്കും. മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും സര്‍ക്കാര്‍ വഹിക്കും. ഇരുപത് ലക്ഷം വരെയുളള പദ്ധതികള്‍ക്കാണ് ഈ ഇളവ് നല്‍കുന്നത്. പദ്ധതി അനുസരിച്ച് നൂറ് ദിവസത്തിനകം ഒരു ജില്ലയില്‍ കുറഞ്ഞത് അമ്പത് സംരംഭകര്‍ക്ക് വായ്പ നല്‍കും. തുടര്‍ന്ന് ബേങ്കുകളുമായി സഹകരിച്ച് ജില്ലകളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് അര്‍ഹരായ എല്ലാ അപേക്ഷകര്‍ക്കും വായ്പ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പിലാക്കും. പ്രവാസി പുനരധിവാസകാര്യം അടുത്ത സംസ്ഥാനതല ബേങ്കിംഗ് സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുനരധിവാസ പദ്ധതിക്ക് ബജറ്റില്‍ പ്രഖ്യാപിച്ച അമ്പത് കോടി രൂപ വിനിയോഗിച്ച് സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയും സബ്‌സിഡിയോട് കൂടിയ ബേങ്ക് വായ്പ ലഭ്യമാക്കുകയും ചെയ്യും. ഇതിന് നോര്‍ക്ക റൂട്ട്‌സില്‍ ഒരു പ്രത്യേക സെല്‍ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
നോര്‍ക്ക റൂട്ട്‌സ് എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. പുതുതായി തുടങ്ങുന്ന നോര്‍ക്ക സെല്ലില്‍ വിദേശ മലയാളികള്‍ക്ക് ക്ഷേമ പദ്ധതികള്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ വിതരണം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യും. നോര്‍ക്ക വകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും.
ജി സി സിയില്‍ ഉള്‍പ്പെടുന്ന ഏഴ് രാജ്യങ്ങളിലും നോര്‍ക്ക ഉപദേശക സമിതികള്‍ രൂപവത്കരിക്കും. ഗള്‍ഫ് മേഖലയിലെ മലയാളികളായ ഉദ്യോഗ ദാതാക്കളുടെ യോഗം വിളിച്ച് മടങ്ങി വന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലിക്ക് അവസരം ലഭ്യമാക്കും. തൊഴില്‍ വകുപ്പുമായി സഹകരിച്ച് നടപടികള്‍ സ്വീകരിക്കും. പ്രവാസി ക്ഷേമനിധിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും നൂറ് ദിവസത്തിനുള്ളില്‍ നടപടിയെടുക്കും. പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ച് മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നടപടിയെടുക്കും. വികസന സംരംഭങ്ങളില്‍ പ്രവാസികളെ പങ്കാളികളാക്കും.
നിസ്സാര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കാന്‍ ഇന്ത്യന്‍ എംബസികളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.