Connect with us

Wayanad

വയനാടിന് ഇക്കുറി എന്‍ട്രന്‍സ് റാങ്കുകളുടെയും തിളക്കം

Published

|

Last Updated

കല്‍പ്പറ്റ: എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളിലെ മികച്ച വിജയത്തിന് പിന്നാലെ വയനാടിന് ഇക്കുറി മെഡിക്കല്‍-എഞ്ചിനീയറിംഗ് എന്‍ട്രസ് പരീക്ഷകളില്‍ റാങ്കുകളുടെയും തുടക്കം. മെഡിക്കല്‍ എന്‍ട്രന്‍സിലെ ജനറല്‍ വിഭാഗത്തില്‍ നാലും എട്ടും മുപ്പത്തിയൊന്നും റാങ്കുകളും പട്ടിക വര്‍ഗ വിഭാഗത്തില്‍ രണ്ടാം റാങ്കുമാണ് വയനാട്ടിലെ കുട്ടികള്‍ക്ക് ലഭിച്ചത്.
മുന്‍പ് എന്‍ട്രന്‍സ് പരീക്ഷകളിലൊന്നും ഇത്രയും റാങ്കുകള്‍ വയനാട്ടിലേക്ക് ഒന്നിച്ചെത്തിയിട്ടില്ല. റാങ്ക് നേടിയ നാല് പേരും മാനന്തവാടി താലൂക്കുകാര്‍ മാത്രമല്ല, കോച്ചിംഗില്‍ സതീര്‍ഥ്യരുമായിരുന്നുവെന്നത് തികച്ചും യാദൃശ്ചികം. മിടുക്കരായ കുട്ടികള്‍ വയനാട്ടിലെ കലാലയങ്ങളില്‍ നിന്ന് ഇറങ്ങുന്നുവെന്നത് തന്നെയാണ് പ്ലസ്ടു റിസള്‍ട്ടും സൂചിപ്പിക്കുന്നത്.
ആറ് വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയും പഠനത്തില്‍ വയനാടിന്റെ താരങ്ങളായി. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്.എന്‍ട്രന്‍സ് കോച്ചിംഗ് സൗകര്യം ഏറ്റവും കുറഞ്ഞ ജില്ലയാണ് വയനാട്. എന്നിട്ടും വയനാട്ടിലെ കുട്ടികള്‍ മികവ് പ്രകടമാക്കുമ്പോള്‍ മികച്ച കോച്ചിംഗ് സൗകര്യം കൂടി ഇവിടെയുണ്ടായാല്‍ ഇതിലും നേട്ടം കൈവരിക്കാനുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Latest