വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണം: കെ ജി എന്‍ എ

Posted on: May 16, 2014 12:44 am | Last updated: May 15, 2014 at 11:44 pm

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണമെന്ന് 34ാമത് കെജിഎന്‍എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലക്കായി പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് രണ്ട് വര്‍ഷമായിട്ടും തറക്കല്ലിടല്‍ പോലും നടത്തിയിട്ടില്ല.
ആദിവാസികളുള്‍പ്പെടെയുള്ള നിര്‍ധനരായ രോഗികള്‍ക്ക് വിദഗ്ദ ചികിത്സ ലഭിക്കണമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകേണ്ട അവസ്ഥയാണ്. ആയതിനാല്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണം. 1961 ലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക, ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുക, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പു:ന പരിശോധിക്കുക, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ അബ്ദുല്‍ റഷീദ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സമ്മേളനം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എന്‍ ഓമന അധ്യക്ഷയായി. ടി നാണു, പി ടി ബിജു, കുഞ്ഞിമോള്‍, ഫാരിസ് ഷഹസാദ് എന്നിവര്‍ സംസാരിച്ചു. 2012-13 വര്‍ഷത്തെ ബെസ്റ്റ് നേഴ്‌സ് അവാര്‍ഡ് നേടിയ പി സി ശാന്തമ്മക്ക് പി വി സഹദേവന്‍ ഉപഹാരം നല്‍കി. ജിയേഷ് ജോസഫ് സ്വാഗതവും, ടി ആര്‍ അജിത നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധ സമ്മേളനം ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.
ടി കെ ശാന്തമ്മ അധ്യക്ഷയായി. സി ജി രാധാകൃഷ്ണന്‍ സംസാരിച്ചു. ജിയേഷ് ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും, ടി ലീല വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. പി വി അരുണ്‍കുമാര്‍ സ്വാഗതവും ശ്രീജ പള്ളിക്കര നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി പി സിസിലി(പ്രസിഡന്റ്), കെ കെ ജലജ, പി ജി ജിഷ(വൈസ് പ്രസിഡന്റുമാര്‍), പി വി അരുണ്‍കുമാര്‍(സെക്രട്ടറി), വി എം മേഴ്‌സി, ജിയേഷ് ജോസഫ്(ജോയിന്റ് സെക്രട്ടറിമാര്‍), എന്‍ എന്‍ ഓമന(ട്രഷറര്‍), കെ ജി ഓമന, പി എ ഷീന(ഓഡിറ്റര്‍മാര്‍).