Connect with us

Wayanad

കാപ്പികര്‍ഷകര്‍ക്ക് അനുവദിച്ച മൂന്നര കോടി രണ്ട് വര്‍ഷമായിട്ടും വിതരണം ചെയ്തില്ല

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ കാപ്പികര്‍ഷകര്‍ക്ക് കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ഭാഗമായി കോഫി ബോര്‍ഡ് അനുവദിച്ച 3.5 കോടി രൂപ ജില്ലാ ഭരണകൂടം ഇനിയും വിതരണം ചെയ്തില്ല. 2012 മാര്‍ച്ച് മാസത്തില്‍ തുക ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു.
നബാര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ഇത് പിന്നീട് സംസ്ഥാന ട്രഷറിയിലേക്ക് മാറ്റി. എന്നാല്‍ ജില്ലാ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം തുക ഇനിയും വിതരണം ചെയ്യാനായില്ല.
കാപ്പി കര്‍ഷകരുടെ വായ്പകള്‍ക്ക് രണ്ട് വര്‍ഷത്തെ പലിശ വര്‍ദ്ധിച്ചപ്പോള്‍ കര്‍ഷകന് ലഭിക്കേണ്ട പലിശ ലഭിക്കാതെ തുക ജില്ലാ ബാങ്കിന് ലഭിക്കുകയായിരുന്നു.
ജില്ലയിലെ കാപ്പി കര്‍ഷകര്‍ സഹകരണ വകുപ്പ് മന്ത്രിയെ സമീപിച്ചപ്പോള്‍ തുക വിതരണം ചെയ്യുന്നതിന് തടസ്സമൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 3.5 കോടി രൂപയ്ക്കുള്ള കടാശ്വാസം കാപ്പികര്‍ഷകര്‍ക്ക് നല്‍കേണ്ടതാണെന്ന് ഇവരുടെ വായ്പകള്‍ പരിശോധിച്ച നബാര്‍ഡും സാക്ഷ്യപെടുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചമൂലം ദുരിതമനുഭവിക്കുന്ന ജില്ലയിലെ കാപ്പികര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് ജില്ലാ സഹകരണ വകുപ്പിന്റെ തീരുമാനം.
കാലവര്‍ഷകെടുതിമൂലവും വരള്‍ച്ചമൂലവുമുണ്ടായ വിളനാശത്തിനുള്ള നഷ്ടപരിഹാരവും ജില്ലയില്‍ 2011 മുതല്‍ വിതരണം ചെയ്തിട്ടില്ല. 30 കോടിയിലധികം രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്യാനുള്ളത്. ഒന്‍പത് കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. കാപ്പി കര്‍ഷകര്‍ക്കുള്ള തുക എത്രയും വേഗം വിതരണം ചെയ്യണമെന്ന് വിവിധ കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Latest