തിയാഗോക്ക് വീണ്ടും പരുക്ക്; ലോകകപ്പ് നഷ്ടം

Posted on: May 16, 2014 12:40 am | Last updated: May 15, 2014 at 11:41 pm

indexബെര്‍ലിന്‍: സ്‌പെയിന്‍ മിഡ്ഫീല്‍ഡര്‍ തിയാഗോ അല്‍കന്റാരക്ക് ലോകകപ്പ് നഷ്ടം. കാല്‍മുട്ടിന് പരുക്കേറ്റത് കാരണം തിയാഗോക്ക് ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് അറിയിച്ചത്. സ്‌പെയിന്‍ കോച്ച് വിസെന്റെ ഡെല്‍ ബൊസ്‌ക് പ്രഖ്യാപിച്ച 30 അംഗ സാധ്യതാ സ്‌ക്വാഡില്‍ തിയാഗോ ഉള്‍പ്പെട്ടിരുന്നു.
ഒന്നിലേറെ ശസ്ത്രക്രിയകളിലൂടെ മാത്രമേ തിയാഗോക്ക് നിലവിലെ പരുക്കില്‍ നിന്ന് മുക്തി നേടാന്‍ സാധിക്കൂ. മാര്‍ച്ചില്‍ സംഭവിച്ച അതേ പരുക്ക്, കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ സ്പാനിഷ് താരത്തെ പിടികൂടുകയായിരുന്നു. നാളെ ബൊറൂസിയ ഡോട്മുണ്ടിനെതിരായ ജര്‍മന്‍ കപ്പ് ഫൈനലിലും തിയാഗോ കളിക്കില്ല. യുവതാരത്തിന് ലോകകപ്പ് നഷ്ടമായതില്‍ വലിയ നിരാശയുണ്ട്. ഇപ്പോള്‍ വേണ്ട വിധം ചികിത്സിച്ച് വിശ്രമിച്ചാലേ തിയാഗോക്ക് അടുത്ത സീസണില്‍ കളിക്കാന്‍ സാധിക്കൂവെന്നും ബയേണ്‍ ചെയര്‍മാന്‍ കാള്‍ ഹെയിന്‍സ് റുമിനിഗെ പറഞ്ഞു.
ബാഴ്‌സലോണ താരമായിരുന്ന തിയാഗോയെ പെപ് ഗോര്‍ഡിയോള ബയേണിന്റെ കോച്ചായതിനെ തുടര്‍ന്ന് ജര്‍മനിയിലെത്തിക്കുകയായിരുന്നു. പൊസഷന്‍ ഗെയിമിന് അനുയോജ്യനായ താരമാണ് തിയാഗോ.
ഷാവിയുടെയും ഇനിയെസ്റ്റയുടെയും പിന്‍ഗാമിയായിട്ടാണ് തിയാഗോ അറിയപ്പെടുന്നത്. ബ്രസീലിന്റെ മുന്‍ ലോകകപ്പ് ജേതാവ് മസീഞ്ഞോയുടെ മകനാണ് തിയാഗോ.