Connect with us

Editorial

അധിനിവേശത്തിന് പഴുതൊരുക്കുന്നവര്‍

Published

|

Last Updated

നൈജീരിയന്‍ ആകാശത്ത് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ഇരമ്പുകയാണ്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും യമനിലുമൊക്കെ മരണം വിതച്ച ഡ്രോണ്‍ വിമാനങ്ങള്‍ അടക്കമുള്ള സര്‍വ സന്നാഹങ്ങളോടെയും യു എസ് സൈന്യം ഈ ആഫ്രിക്കന്‍ രാജ്യത്ത് നിലയുറപ്പിച്ചിരിക്കുന്നു. ആധുനിക അധിനിവേശത്തിന്റെ കൂട്ടാളികളെല്ലാം ഇവിടെ ഒറ്റക്കെട്ടാണ്. ബ്രിട്ടനും ഫ്രാന്‍സും ഇസ്‌റാഈലുമെല്ലാം രംഗത്തുണ്ട്. പുതിയ ആക്രമണ മുന തുറക്കാനായതിന്റെ ആവേശത്തിലാണ് അവര്‍. ബോക്കോ ഹറാം തീവ്രവാദികളെ അമര്‍ച്ച ചെയ്ത് അവര്‍ തട്ടിക്കൊണ്ടുപോയ 200ലേറെ വരുന്ന വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തുകയാണ് പുറമെ പറയുന്ന ദൗത്യം. ഏപ്രില്‍ 14നാണ് രാജ്യത്തെ ബോര്‍ണോ പ്രവിശ്യയിലെ ചിബോക് സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെ ബോക്കോ ഹറാമുകാര്‍ തട്ടിക്കൊണ്ടു പോയത്. ഇവരില്‍ അമ്പതോളം പേര്‍ രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടിരിക്കുന്നു. അതിനിടക്ക് ബോക്കോ ഹറാമുകാര്‍ പുറത്ത് വിട്ടതെന്ന് കരുതുന്ന വീഡിയോ സന്ദേശം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സന്ദേശത്തില്‍ പെണ്‍കുട്ടികളെ കാണുന്നുണ്ട്. പര്‍ദയണിഞ്ഞ നിലയിലായിരുന്നു കുട്ടികള്‍. വീഡിയോ സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ട് ഹറാം നേതാവ് അബൂബക്കര്‍ ശേക്കാവെന്ന് കരുതപ്പെടുന്നയാള്‍ അവകാശപ്പെടുന്നത് പെണ്‍കുട്ടികളെ മുഴുവന്‍ മതപരിവര്‍ത്തനത്തിന് വിധേയമാക്കിയെന്നാണ്. സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്ന തന്റെ കൂട്ടാളികളെ മോചിപ്പിക്കുകയെന്ന ഒറ്റ ഉപാധിയാണ് ശെക്കാവ് മുന്നോട്ട് വെച്ചിട്ടുളളത്. ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ വഴി അടക്കുന്ന രീതിയിലാണ് അധിനിവേശ ശക്തികള്‍ നൈജീരിയന്‍ മണ്ണില്‍ ഇറങ്ങിയിരിക്കുന്നത്. പെണ്‍കുട്ടികളെ മോചിപ്പിക്കാനാണ് താന്‍ പാശ്ചാത്യ ശക്തികളുടെ സഹായം തേടിയതെന്ന് പ്രസിഡന്റ് ജൊനാതന്‍ ഗുഡ്‌ലക്ക് പറയുന്നു. എന്നാല്‍ തീവ്രവാദികളെ പൂര്‍ണമായി ഉന്‍മൂലനം ചെയ്തിട്ടേ മടങ്ങൂ എന്നാണ് അമേരിക്കയും കൂട്ടരും പ്രഖ്യാപിക്കുന്നത്. നൈജീരിയയുടെ ഉത്തമ താത്പര്യത്തിനപ്പുറമുള്ള രാഷ്ട്രീയ താത്പര്യങ്ങള്‍ ഈ സ്‌നേഹത്തില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് വ്യക്തം.
ഈ അധിനിവേശ തന്ത്രത്തെ അപലപിക്കുമ്പോള്‍ തന്നെ ഇത്തരം നുഴഞ്ഞ് കയറ്റങ്ങള്‍ക്കും സ്വതന്ത്ര രാജ്യങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്ന ആക്രമണങ്ങള്‍ക്കും പഴുതൊരുക്കുന്നവര്‍ ആരെന്ന ചോദ്യം ഉയര്‍ത്തേണ്ടതുണ്ട്. ബോക്കോ ഹറാം എന്ന വാക്കിന് പ്രദേശിക ഭാഷയില്‍ അര്‍ഥം പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധമെന്നാണ്. പാശ്ചാത്യവത്കരണത്തിനെതിരെ നിലകൊള്ളുന്നുവെന്ന പ്രത്യയ ശാസ്ത്ര അടിത്തറ ഒരുക്കി അക്രമം അഴിച്ചു വിടുന്ന തീവ്രവാദികളെ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് ബോക്കോ ഹറാം. യഥാര്‍ഥ പേരില്‍ അഹ്‌ലുസ്സുന്നത്തും ഇസ്‌ലാമും ഒക്കെയുണ്ട്. ഇവരെ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളിലാണ് പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിന്റ രാഷ്ട്രീയ പ്രയോഗമെന്ന നിലയിലാണ് ഇസ്‌ലാമിസ്റ്റുകള്‍ എന്ന് വിവക്ഷിക്കപ്പെടുന്നത്. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (ബ്രദര്‍ഹുഡ്), സിറിയയിലെ ബ്രദര്‍ഹുഡ്, തുണീഷ്യയിലെ അന്നഹ്ദ, ബംഗ്ലാദേശിലെയും പാക്കിസ്ഥാനിലെയും ജമാഅത്തെ ഇസ്‌ലാമി, ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവയെല്ലാം ഒരേ ആശയ ആകാശം പങ്ക് വെക്കുന്നവരാണ്. ഈ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പില്‍ അല്‍ഖാഇദയും അല്‍ ശബാബും വരെയുണ്ട്. സുഡാനിലെ ഉമര്‍ ബാശിറും ഇസ്‌ലാമിസ്റ്റ് തന്നെ. പാരമ്പര്യ നിരാസമാണ് ഇവരുടെ മുഖമുദ്ര. സൂഫി മുസ്‌ലിംകളെ അവര്‍ പാശ്ചാത്യപക്ഷപാതികളായി പ്രഖ്യാപിച്ചിരിക്കുന്നു. അതത് രാജ്യത്തെ നയമസംവിധാനത്തിനകത്ത് വ്യവസ്ഥാപിതമായ പ്രതികരണങ്ങളിലൂടെ പൊതു സമൂഹത്തില്‍ അലിഞ്ഞു ജീവിക്കുന്ന മുസ്‌ലിംകളെ അതിവൈകാരികതയിലെക്കും തീവ്രവാദ പ്രവണതകളിലക്കും നയിക്കുന്നു ഇക്കൂട്ടര്‍. ഓരോ പ്രദേശത്തും അവിടുത്തെ സാഹചര്യത്തിനനുസരിച്ച് രൂപമാറ്റത്തിന് വിധേയമാകുന്ന ഇസ്‌ലാമിസ്റ്റുകള്‍ അടിസ്ഥാനപരമായി തീവ്ര വാദങ്ങളില്‍ വിശ്വസിക്കുന്നവരാണ്.
അത്‌കൊണ്ട് തന്നെ പ്രത്യക്ഷവും പരോക്ഷവുമായ ആധുനിക അധിനിവേശങ്ങള്‍ക്ക് മണ്ണൊരുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് ഇക്കൂട്ടരാണ്. സിറിയയാണ് ഇതിന്റെ ഏറ്റവും അടുത്തുള്ള ഉദാഹരണം. അവിടെ ബശര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ ആയുധമടുക്കാന്‍ വിവിധ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചത് ബ്രദര്‍ഹുഡാണ്. ഇന്ന് സായുധ പ്രക്ഷോഭം തമ്മില്‍ തല്ലില്‍ കലാശിച്ചിരിക്കുന്നു. വിമത ശക്തികേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുന്നത് അസദിന്റെ സൈന്യത്തെ പേടിച്ചല്ല. മറിച്ച് വിമത ഗ്രൂപ്പുകളുടെ കലഹത്തിനിടക്ക് ജീവിക്കാനാകാത്തത് കൊണ്ടാണ്. ബശര്‍ പ്രഖ്യാപിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നതാണ് അമേരിക്കയുടെ പുതിയ നിലപാട്. റഷ്യ ഇടപെട്ട് ഒഴിവാക്കിയ അധിനിവേശം വീണ്ടും ഉരുണ്ട് കൂടുകയാണ്. യു എന്‍ – അറബ് പ്രതനിധി ലക്ദര്‍ ഇബ്‌റാഹിമി രാജിവെച്ചത് ഈ സൂചനകളെ ബലപ്പെടുത്തുന്നു. ഈജിപ്തില്‍ ജനറല്‍ സീസി കൂടുതല്‍ ശക്തനായിരിക്കുന്നു. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ഭരണം കൈവന്ന ബ്രദര്‍ഹുഡിന്റെ പിഴവില്‍ നിന്നാണ് പട്ടാളം ഊര്‍ജം സംഭരിച്ചത്. ഈജിപിതില്‍ പാശ്ചാത്യ ശക്തികള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കാന്‍ പോകുന്നുവെന്ന് ചുരുക്കം. ബ്രദര്‍ഹുഡിനെച്ചൊല്ലി അറബ് രാജ്യങ്ങള്‍ രണ്ടായി പിളര്‍ന്നിരിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ നൂറ് കണക്കിന് മനുഷ്യര്‍ ശാന്തി തേടി ഇസ്‌ലാമില്‍ അഭയം പ്രാപിക്കുകയാണ്. പാരമ്പര്യത്തിലൂന്നിയ നിഷ്‌കളങ്കമായ വിശ്വാസം ലോകത്തിന്റെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാണെന്ന് ബുദ്ധിയുള്ളവര്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തില്‍ ഇസ്‌ലാമിനെ രാക്ഷസവത്കരിക്കുന്നവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയാണ് ഇസ്‌ലാമിസ്റ്റുകള്‍. ഇസ്‌ലാം വേറെ ഇസ്‌ലാമിസ്റ്റുകള്‍ വേറെ എന്ന് ഉച്ചത്തില്‍ പറയുക മാത്രമാണ് യഥാര്‍ഥ പോംവഴി.

Latest