Connect with us

Articles

ഇടിമിന്നല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

|

Last Updated

മഴ ആരംഭിച്ചിരിക്കുന്നു. ഇടിമിന്നലുകളും കാറ്റും യഥേഷ്ടം വന്നുപോയിക്കൊണ്ടിരിക്കും. കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭങ്ങളാണ് ഇനി വരാന്‍ പോകുന്നത് . യഥാര്‍ഥത്തില്‍ മിന്നല്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും ഇത് എപ്പോള്‍ ഏത് സന്ദര്‍ഭങ്ങളില്‍ മനുഷ്യനില്‍ ആഘാതമേല്‍പ്പിക്കുമെന്നും നമ്മില്‍ പലര്‍ക്കും അറിയില്ല.
എന്താണ് മിന്നല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്? ഞൊടിയിട ഒരു വൈദ്യുതാഘാതമാണ് മിന്നല്‍.
മനുഷ്യനായാലും ഒരു വലിയ കെട്ടിടമായാലും ഒരു ലോഹപ്പെട്ടിയായാലും അതിന്റെ പുറം ഭാഗത്തുകൂടെ കുളിപ്പിക്കുന്ന പോലെ ഒഴുകാനാണ് മിന്നലിനിഷ്ടം. ഒഴുക്കിന്റെ ഈ പ്രത്യേകത മൂലം മിന്നലിലൂടെ ശരീരത്തിലെത്തുന്ന വൈദ്യുതിയുടെ അളവ് കുറയും. വീടിന്റെ തുറന്നിട്ട വാതിലുകളുടെയും ജനലുകളുടെയും അരികത്തു നില്‍ക്കുന്നവര്‍ക്കാണ് അകത്തുനില്‍ക്കുന്നവരേക്കാള്‍ മിന്നലില്‍ നിന്ന് കൂടുതല്‍ അപകടങ്ങള്‍ പറ്റുന്നത്. എന്നാല്‍ കെട്ടിടങ്ങളില്‍ ഉള്ളവരെയും കാര്‍ , ബസ് തുടങ്ങിയ വാഹനങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നവരെയും മിന്നല്‍ അപൂര്‍വമായി ആക്രമിക്കുന്നത് മിന്നലിന്റെ ഈ‘ഒഴുക്ക്’തന്നെയാണ്.
വൈദ്യുതി പ്രവഹിക്കുന്ന പ്രദേശത്തെ വായുവിന്റെ പെട്ടെന്നുള്ള ചൂടാകലും വികാസവും ശക്തമായ പ്രവാഹവും മിന്നലിന്റെ പൂരകങ്ങളാണ്. സ്‌ഫോടനാത്മകമായ ശബ്ദം ഇതിന്റെ പരിണത ഫലമാണ്. പെട്ടെന്നുള്ള ഈ ശബ്ദം തന്നെ അപൂര്‍വമായി ചിലരില്‍ മനോവിഭ്രാന്തിക്കും കാരണമാകാറുണ്ട്.
എങ്ങനെയെല്ലാം മിന്നലില്‍ നിന്ന് ആഘാതമേല്‍ക്കാം?
നേരിട്ടുള്ള മിന്നലാക്രമണം: മിന്നലിലെ വൈദ്യുത പ്രവാഹത്തിന്റെ പാതയില്‍ അകപ്പെടുമ്പോഴാണ് നേരിട്ട് ആക്രമണം സഹിക്കേണ്ടി വരുന്നത്. ഇടിമിന്നലിന്റെ ഏറ്റവും മാരകമായ ആക്രമണ രീതിയും ഇതു തന്നെയാണ്.
സമ്പര്‍ക്ക വസ്തുവിലൂടെയുള്ള ആക്രമണം: നാം തൊട്ടിരിക്കുന്ന അല്ലെങ്കില്‍ നമ്മുടെ ശരീരത്തോട് ചേര്‍ന്നിരിക്കുന്ന ഒരു വസ്തുവിന് ഇടിമിന്നലേറ്റാല്‍ മൊത്തം ആഘാതത്തില്‍ ഒരംശം നമുക്കും ഏല്‍ക്കും.
സാമീപ്യം മൂലമുള്ള ആഘാതം: സമീപത്തുള്ള ഒരു വസ്തുവിലെത്തിയ മിന്നല്‍ അവിടെ നിന്നും നമ്മുടെ ശരീരത്തിലേക്ക് വായുവിലൂടെ ചാടിയാലും നമുക്ക് ആഘാതമേല്‍ക്കും.
തറയിലൂടെയുള്ള ആഘാതം: വൈദ്യുതി ഒഴുകുന്ന പരിധിക്കുള്ളില്‍ ഇരു കാലുകളും സാധാരണ പോലെ ഊന്നിനില്‍ക്കുന്ന ഏതൊരാള്‍ക്കും മിന്നല്‍ മൂലമുള്ള വൈദ്യുതാഘാതമേല്‍ക്കും. കാലുകള്‍ കൂടുതല്‍ അകത്തിവെച്ചാണ് നില്‍ക്കുന്നതെങ്കില്‍ ആഘാതത്തിന്റെ ശക്തിയും കൂടാം. നനവില്ലാത്ത മരത്തിനു ചുവട്ടിലും റബ്ബര്‍ ചെരിപ്പ് ധരിച്ചും നില്‍ക്കുന്നത് തറയിലൂടെയുള്ള ആക്രമണത്തിനെതിരെ ഗണ്യമായ സുരക്ഷ നല്‍കുന്നതാണ്.
വായുപ്രവാഹം മൂലമുള്ള ക്ഷതങ്ങള്‍: മിന്നല്‍ വൈദ്യുതി പ്രവഹിക്കുന്ന പ്രദേശത്തുള്ള വായു പെട്ടെന്ന് ചൂടായി വികസിച്ച് സങ്കീര്‍ണങ്ങളായ വായുപ്രവാഹങ്ങള്‍ക്കിട നല്‍കും. ഇടിമുഴക്കം ഇടിമിന്നലിനെ തുടര്‍ന്നുള്ള തീപ്പിടിത്തവും എടുത്തെറിയപ്പെടലുമെക്കെ ഇതിന്റെ പരിണതഫലങ്ങളാണ്.
ഇടിമിന്നലുള്ളപ്പോള്‍ വിശാലമായ സ്ഥലത്തുകൂടി നടക്കരുത്; ദേഹമോ വസ്ത്രങ്ങളോ നനഞ്ഞതാണെങ്കില്‍ പ്രത്യേകിച്ച്. മിന്നലുള്ളപ്പോള്‍ വിശാലമായ സ്ഥലത്ത് ലോഹകാലുള്ള കുട പിടിച്ച് നടക്കുകയോ നില്‍ക്കുകയോ ചെയ്യുന്നതും സുരക്ഷിതമല്ല. തീവണ്ടിയെ അത്യപൂര്‍വമായി മാത്രമേ മിന്നല്‍ പിടിക്കാറുള്ളൂ. എന്നാല്‍ മിന്നലുള്ള സമയത്ത് റെയില്‍ പാളങ്ങളില്‍ ഇരിക്കുന്നതോ റെയിലുകളെ സ്പര്‍ശിച്ചുകൊണ്ട് നടക്കുന്നതോ സുരക്ഷിതമല്ല. പ്രത്യേക സംരക്ഷണ സംവിധാനങ്ങള്‍ ഘടിപ്പിക്കാത്ത ടെലഫോണുകള്‍ കൈകാര്യം ചെയ്യുന്നത് ആപത്തുകള്‍ ക്ഷണിച്ചുവരുത്തും.
ചലനമറ്റ ശരീരത്തില്‍ മനുഷ്യജീവന്‍ ഒളിച്ചുകളിക്കുന്ന ഒരു സന്ദര്‍ഭമാണ് മിന്നലേല്‍ക്കുന്ന അവസ്ഥ. അതുകൊണ്ടുതന്നെ ഇടിമിന്നലേറ്റവരുടെ കൂട്ടത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ചലനമറ്റവരെയാണ്. ഇവരുടെ ഹൃദയ, കോശ, ശ്വാസാദികള്‍ നിലച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ യഥാവിധിയുള്ള പുനരുജ്ജീവന നടപടികള്‍ തുടങ്ങണം. മിന്നലേറ്റു കിടക്കുന്നവരുടെ അടുത്തെത്താനും അവരെ തൊടാനും പേടിക്കേണ്ടതില്ല. മിന്നല്‍ മിന്നി കഴിഞ്ഞതോടെ അതിലെ വൈദ്യുത പ്രവാഹവും അവസാനിച്ചിരിക്കും. അതിനാല്‍ മിന്നലേറ്റു കിടക്കുന്നവരെ ഉടന്‍ തന്നെ ധൈര്യമായി ശുശ്രൂഷിക്കാവുന്നതാണ്.

Latest