ഹോമിയോ വകുപ്പിന്റെ അമ്മയും കുഞ്ഞും, സീതാലയം പദ്ധതികള്‍ പാളുന്നു

Posted on: May 16, 2014 12:16 am | Last updated: May 15, 2014 at 11:17 pm

knr-storyകണ്ണൂര്‍: ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഹോമിയോ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിയ അമ്മയും കുഞ്ഞും, സീതാലയം പദ്ധതികള്‍ പാളുന്നു. വന്ധ്യതാ ചികിത്സാ രംഗത്ത് ആശ്വാസമായി മാറിയ പദ്ധതിയാണ് അമ്മയും കുഞ്ഞും പദ്ധതി. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉദ്ദേശിച്ച് ആരംഭിച്ച പദ്ധതിയാണ് സീതാലയം. അമ്മയും കുഞ്ഞും പദ്ധതി കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ മാത്രമാണ് നടപ്പാക്കിയത്. ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി ഏറെ പേര്‍ക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. ഇതിനകം 38 ഓളം കുടുംബങ്ങള്‍ക്ക് ചികിത്സയുടെ ഫലമായി കുഞ്ഞുങ്ങളുണ്ടായി. ഇതില്‍ പലരും പല ചികിത്സയും നടത്തുകയും കുട്ടികളുണ്ടാകില്ലന്ന് വിധിയെഴുതപ്പെട്ടവരുമാണ്. 600 കുടുംബങ്ങള്‍ ഇപ്പോള്‍ ചികിത്സ നടത്തുന്നുമുണ്ട്. ഏറെ പേര്‍ക്ക് ആശ്വാസമായി പദ്ധതി മാറുന്നതിനിടയിലാണ് പുതിയ വെല്ലുവിളി ഉയരുന്നത്. ഇതോടെ പദ്ധതി തന്നെ ഇല്ലാതായേക്കുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

അമ്മയും കുഞ്ഞും ഒ പിയില്‍ രണ്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് പുറമെ ദിവസ വേതനാടിസ്ഥാനത്തിലുള്ള ഒരു ഡോക്ടര്‍ കൂടി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കാന്‍ അനുമതിയില്ല. പ്ലാനിംഗ് ബോര്‍ഡിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകുമെന്നാണ് കാരണമായി പറയപ്പെടുന്നത്. ഇതോടെ നേരത്തെ അഞ്ച് ദിവസം പ്രവര്‍ത്തിച്ചിരുന്ന ഒ പി മൂന്ന് ദിവസമായി വെട്ടിക്കുറച്ചിരിക്കുകയുമാണ്. സ്ഥിരമായി ഒരു ഡോക്ടര്‍ ഇല്ലാത്ത സാഹചര്യം ഒ പി പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ട്.
ഭാരിച്ച ചികിത്സാ ചെലവ് മാത്രമല്ല, കടുത്ത ചൂഷണം കൂടി നിലനില്‍ക്കുന്ന രംഗമാണ് വന്ധ്യതാ ചികിത്സാ രംഗം. അനാവശ്യമായ പരിശോധനകളും മരുന്നുകളും അടിച്ചേല്‍പ്പിച്ച് മക്കളില്ലാത്തവരെ കടക്കെണിയിലകപ്പെടുത്തുമ്പോള്‍ സൗജന്യ ചികിത്സ നല്‍കുന്ന ഹോമിയോ വകുപ്പിന്റെ അമ്മയും കുഞ്ഞും പദ്ധതി വലിയ വിഭാഗത്തിനാണ് ആശ്വാസമായിരിക്കുന്നത്. ഇതിനിടെയാണ് പദ്ധതിക്ക് കത്തിവെക്കപ്പെടുന്നത്. പദ്ധതി തന്നെ ഇല്ലാതാക്കപ്പെടുമെന്ന ആശങ്കയും നിലവില്‍ ഉയര്‍ന്നിട്ടുണ്ട്.
സ്ത്രീകളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരുന്ന സീതാലയം പദ്ധതി മൂന്ന് വര്‍ഷം മുമ്പാണ് സംസ്ഥാനത്ത് ആരംഭിച്ചത്. എല്ലാ ജില്ലകളിലും സീതാലയം പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളുടെ ആശങ്കകള്‍, വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സീതാലയത്തിലുള്ള കൗണ്‍സിലിംഗിലൂടെ പരിഹരിക്കും. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്ത് ചികിത്സ നല്‍കുന്നതോടൊപ്പം മരുന്നും സൗജന്യമായി നല്‍കും. രണ്ട് മെഡിക്കല്‍ ഓഫീസര്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍, ഡി ടി പി ഓപ്പറേറ്റര്‍ എന്നിവരാണ് സീതാലയത്തിന്റെ പ്രവര്‍ത്തനം നയിക്കുന്നത്. ഇതില്‍ ഒരു ഡോക്ടറെയും ഒരു ഫാര്‍മസിസ്റ്റിനെയുമാണ് ഏപ്രില്‍ മാസം മുതല്‍ വെട്ടിക്കുറച്ചത്. രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നതായതിനാല്‍ ഡോക്ടര്‍ മാറിമാറി വരുന്നത് പദ്ധതിയെ ബാധിക്കുന്നു. ഇതിന് പുറമെ ജീവിത ശൈലീരോഗ ചികിത്സാ പദ്ധതിയായ ആയുഷ്മാന്‍ ഭവയും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിന്റെ പേരില്‍ ആശങ്കയിലാണ്.
ഹോമിയോ വകുപ്പിന് ഇപ്പോള്‍ തന്നെ ഒരു വര്‍ഷത്തിലേറെയായി 11 മെഡിക്കല്‍ ഓഫീസര്‍മാരും 30 ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരുമില്ല. അഞ്ച് മെഡിക്കല്‍ ഓഫീസര്‍ തസ്തികകളും 15 ആശുപത്രി സൂപ്രണ്ട് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. 175 ഫാര്‍മസിസ്റ്റുമാരുടെ ഒഴിവും വകുപ്പിലുണ്ട്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. യഥാസമയം ഡി പി സി പോലും വിളിച്ചുചേര്‍ക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വകുപ്പില്‍ വിവിധ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ജനോപകാര പദ്ധതികള്‍ തളര്‍ത്തുന്ന നടപടിയും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ആവശ്യമായ തസ്തിക സൃഷ്ടിക്കപ്പെടണമെന്നാണ് ആവശ്യം.