കൈക്കൂലി: വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി

Posted on: May 16, 2014 12:15 am | Last updated: May 15, 2014 at 11:15 pm

കൊച്ചി: ബില്ലുകള്‍ പാസാക്കാനായി കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വര്‍ഗീസ് എം സാമുവല്‍ വിജിലന്‍സിന്റെ പിടിയില്‍. എറണാകുളം പള്ളിമുക്കിലെ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 25,000 രൂപയും പിടിച്ചെടുത്തു.
വാട്ടര്‍ അതോറിറ്റിയുടെ കരാറുകാരനായ ഗോപാലകൃഷ്ണന്റെ പരാതിയിലാണ് നടപടി. വാട്ടര്‍ അതോറിറ്റിയുടെ വിവിധ ജോലികള്‍ പൂര്‍ത്തിയാക്കിയ വകയില്‍ ഗോപകുമാറിന്റെ 60ലക്ഷം രൂപയുടെ ബില്ലുകളാണ് മാറാനുള്ളത്. ബില്ലുകള്‍ മാറി നല്‍കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിച്ചു. മൂന്ന് മാസത്തിനകം ബില്ലുകള്‍ മാറി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ബില്ലുകള്‍ മാറി നല്‍കാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറായില്ല. പകരം ഒരു ലക്ഷത്തിന് 3,000 രൂപ എന്ന നിരക്കില്‍ കൈക്കൂലി ആവശ്യപ്പെട്ടു. ഗോപകുമാര്‍ വിജിലന്‍സിനെ രഹസ്യമായി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം നഗരത്തില്‍ സീവേജ് ലൈനിന്റെ അറ്റകുറ്റപ്പണികള്‍ക്കിടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ വര്‍ഗീസ് എം സാമുവലിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞ കരാറുപണി ചെയ്യാന്‍ അനുമതി നല്‍കിയതിനു പുറമെ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യിപ്പിച്ചതായാണ് ആരോപണം. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. അതിനിടയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പണം നല്‍കി പരാതി ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഇതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. വിജലന്‍സ് എസ് പി. കെ എം ആന്റണിക്കാണ് പരാതി നല്‍കിയത്. ഡി വൈ എസ് പി. എ ഡി ബാലസുബ്രഹ്മണ്യം, എസ്‌ഐ മോഹന്‍, ഹരീഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.