ആസിഡ് നല്‍കിയ വേദനയിലും നിരഞ്ജന പുഞ്ചിരിക്കുന്നു

Posted on: May 15, 2014 11:14 pm | Last updated: May 15, 2014 at 11:14 pm

NIRANJANA  KNRചെറുപുഴ: വീട്ടില്‍ തിരിച്ചെത്തിയ നിരഞ്ജന പ്രിയപ്പെട്ടവരെ കണ്ടപ്പോള്‍ വേദനയിലും പുഞ്ചിരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയ നിരഞ്‌നയെ പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഒരു ഗ്രാമം. കഴിഞ്ഞ മെയ് മൂന്നിനാണ് നിരഞ്ജനയുടെ ജീവിതത്തില്‍ ദുരിതം സമ്മാനിച്ച സംഭവമുണ്ടായത്.

മെയ് മൂന്നിന് രാത്രി ഏഴ് മണിയോടെ പിതാവിന്റെ മടിയിലിരുന്ന് ബസില്‍ യാത്രചെയ്യവെയാണ് സോളമന്‍ എന്നയാള്‍ ആസിഡൊഴിച്ച് ആക്രമണനം നടത്തിയത്. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ പിതാവ് ജബിന്റെ ശരീരത്തിലേക്കായിരുന്ന ആസിഡ് ഒഴിച്ചതെങ്കിലും നിരഞ്ജനയും അപകടത്തിനിരയാകുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിരഞ്ജന പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും നിരഞ്ജനയുടെ അസുഖം ഭേദമായിട്ടില്ല. പുറത്തും മുഖത്തുമുണ്ടായ മുറിവ് ഉണങ്ങാന്‍ ഏറെ നാളെടുക്കും. കണ്ണിനും പരിക്കുള്ളതായി സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. വായക്കുള്ളിലും അസ്വസ്തതയുള്ളതിനാല്‍ ആഹാരം കഴിക്കാനും പ്രയാസമാണ്. കമ്പല്ലൂരിന് സമീപത്തെ പെരളത്തെ സ്മിത ഭവനിലെ ജബിന്റെയും സ്മിതയുടേയും ഏകമകളാണ് നിരഞ്ജന.
ഗുരുതരമായ ആക്രമണത്തിനിരയായ നിരഞ്ജനക്ക് ഇതുവരെ യാതൊരുവിധ സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടില്ല. തൃക്കരിപ്പൂര്‍ എം എല്‍ എ. കെ കുഞ്ഞിമന്‍ സഹായം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതായി ജബിന്‍ പറഞ്ഞു.