പുളിക്കല്‍, കൊളത്തൂര്‍ സോണ്‍ യൂത്ത് കോണ്‍ഫറന്‍സിന് തുടക്കമായി

Posted on: May 15, 2014 3:59 pm | Last updated: May 15, 2014 at 3:59 pm

പുളിക്കല്‍: യുവത്വം സമൂഹത്തിന്റെ നന്മക്കും പുരോഗതിക്കും വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് വൈ എസ് പുളിക്കല്‍ സോണ്‍ യൂത്ത് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധാര്‍മികതയും അനാശാസ്യവും നിറഞ്ഞ പുതിയ ലോകത്ത് ധര്‍മവും മൂല്യങ്ങളും ഉയര്‍ത്തിപിടിച്ച് ഇസ്‌ലാമിക സമൂഹം മാതൃക സൃഷ്ടിക്കുന്നു. തീവ്രവാദവും മതപരിഷ്‌കരണ വാദവും മതത്തിന്റെയും രാഷ്ട്രത്തിന്റെയും ഉദാത്തമായ സംവിധാനങ്ങളെ പരിക്കേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. സ്‌നേഹവും സമാധാനവും ഉള്‍കൊണ്ട് യുവത്വവും ആരോഗ്യവും നേരിന്റെയും സേവനത്തിന്റെയും വഴിയില്‍ ഊര്‍ജ്ജസ്വലതയോടെ വിനിയോഗിക്കാന്‍ സുന്നി സമൂഹം സമര്‍പ്പിതരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന പുളിക്കല്‍ സോണ്‍ യൂത്ത് കോണ്‍ഫറന്‍സിന് തുടക്കം കുറിച്ച് സംഘടനയുടെ മുന്‍കാല നേതാക്കളായ വല്യാപ്പു തങ്ങള്‍ കുടുക്കന്‍ മൊയ്തീന്‍ക്കുട്ടി ഹാജി എന്നിവരുടെ മഖ്ബറകളില്‍ സിയാറത്ത് നടന്നു. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജമലുലൈലി തങ്ങള്‍ പതാക ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറാ അംഗം പൊന്മള മൊയ്തീന്‍ക്കുട്ടി ബാഖവിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സമ്മേളനം ടി സി ഇബ്‌റാഹിം ബാഖവി അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി കീനോട്, കേരള ഹജ്ജ് കമ്മിറ്റി അംഗം എ കെ അബ്ദുര്‍റഹ്മാന്‍, മുഹമ്മദ് പറവൂര്‍, കൊല്ലോളി മൊയ്തീന്‍ക്കുട്ടി, കെ നൗശാദ് വാഴയൂര്‍, ഉസ്മാന്‍ മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് നടന്ന വിവിധ സെഷനുകള്‍ക്ക് അലി അബ്ദുള്ള, അബ്ദുല്‍ മജീദ് അഹ്‌സനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് 4 മണിക്ക് പുളിക്കലില്‍ വെച്ച് പ്രകടനം നടക്കും. ശേഷം ഇ കെ മുഹമ്മദ് കോയ സഖാഫിയുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. റഹ്മത്തുല്ല സഖാഫി, എളമരം, വടശേരി ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രമേയ പ്രഭാഷണം നടത്തും.
കൊളത്തൂര്‍: വിവേകത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ യുവ സമൂഹം തയ്യറാവണമെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
കൊളത്തൂര്‍ സോണ്‍ യൂത്ത് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ വികാരത്തിന് കീഴ്‌പ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള സന്ദര്‍ഭമാണു യൗവനം അതുകൊണ്ടു തന്നെ വിവേകമാണ് മനുഷ്യനെ നിയന്ത്രിക്കേണ്ടത് വികാരത്തോടെയുള്ള പ്രവര്‍ത്തനമാണ് സകല തിന്മകള്‍ക്കും കാരണം.
യുവാക്കളെ നന്മയുടെ പക്ഷത്ത് നിറുത്തുകയാണ് എസ് വൈ എസിന്റെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എം പി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എ സി ഇബ്‌റാഹീം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.
സയ്യിദ് ഹിബത്തുല്ലഹി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കെ ശിഹാബുദ്ദീന്‍ അംജദി, കെ കുഞ്ഞി മൊയ്തു സഖാഫി സംസാരിച്ചു. ഇസ്‌ലാമിക ജീവിതം എന്ന വിഷയം വി പി എ തങ്ങള്‍ ദാരിമിയും ആത്മീയം ഇബ്‌റാഹീം ബാഖവി മേല്‍മുറിയും അവതരിപ്പിച്ചു.
ഇന്ന് രാവിലെ 7.30ന് ആദര്‍ശം 9ന് കര്‍മ്മ ശാസ്ത്രം 11 ന് യൗവനം നാടിനെ നിര്‍മിക്കുന്നു 2ന് പ്രസ്ഥാനം, ചരിത്രം, മുന്നേറ്റം എന്നീ സെഷനുകള്‍ക്ക് ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, പി എസ് കെ ദാരിമി എടയൂര്‍, റഹീം കരുവള്ളി, വടശേരി ഹസന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
വൈകുന്നേരം 5ന് യുവജന റാലിയും 7ന് പൊതു സമ്മേളനവും നടക്കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍, എന്‍ അലി അബ്ദുല്ല, അലവി സഖാഫി കൊളത്തൂര്‍, മുസ്തഫ കോഡൂര്‍, ബശീര്‍ പറവന്നൂര്‍, പി കെ മുഹമ്മദ് ശാഫി തുടങ്ങിയവര്‍ പങ്കെടുക്കും.