മലയോര മേഖലയിലെ വിദ്യാര്‍ഥികളുടെ ഉപരി പഠനം ആശങ്കയുടെ വക്കില്‍

Posted on: May 15, 2014 3:58 pm | Last updated: May 15, 2014 at 3:58 pm

നിലമ്പൂര്‍: ഹയര്‍സെക്കന്‍ഡറിയിലെ വിജയ തിളക്കത്തിനിടയിലും മലയോര മേഖലയിലെ വിദ്യാര്‍ഥികളുടെ ഉന്നത പഠനം വഴിമുട്ടും.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ അഭാവമാണ് മലയോര മേഖലയില്‍ തിരിച്ചടിയാവുന്നത്. ഹയര്‍സെക്കന്‍ഡറി വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ സംസ്ഥാന ശരാശരിയെക്കാള്‍ വിജയമാണ് മലയോരത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ കാഴ്ചവെച്ചത്.
സയന്‍സ് ബാച്ചുകളില്‍ മുഴുവന്‍ മാര്‍ക്ക് നേടിയവരും മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് കരസ്ഥമാക്കിയവരും കുറവില്ല.
എന്നാല്‍ വിജയ തിലകമണിഞ്ഞ മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും മുന്‍പില്‍ ഉന്നത വിദ്യാഭ്യാസമെന്നത് ചോദ്യ ചിഹ്‌നമാകുകയാണ്. നിലമ്പൂര്‍, വണ്ടൂര്‍ നിയോജ മണ്ഡലങ്ങളിലായി സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി അന്‍പതോളം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്.
ഓപ്പണ്‍ സ്‌കൂള്‍ വിജയികള്‍ ഇതിന് പുറമെയാണ്. ഇവര്‍ക്കായി എയ്ഡഡ് വിഭാഗത്തിലുള്ളത് 3 കോളജുകള്‍ മാത്രം. അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കൂടി കണക്ക് കൂട്ടിയാല്‍ 25 ശതമാനം വിദ്യാര്‍ഥികളെ പോലും പ്രവേശനം നല്‍കാനാകില്ല.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ കൂടി അന്‍പത് ശതമാനത്തില്‍ താഴെ മാത്രമെ നാട്ടില്‍ ഉന്നത പഠനത്തിന് അവസരം ലഭിക്കുകയുള്ളു. ഈ അവസരം മുതലെടുത്ത് വിദ്യാഭ്യാസ ഏജന്‍സികളും മേഖലയില്‍ സജീവമായിട്ടുണ്ട്.
കേരളത്തിന് പുറത്തുള്ള കോളജ് ക്യാമ്പസുകളിലേക്ക് രക്ഷിതാക്കളുമായുള്ള പരിശോധനയാത്ര ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചാണ് ക്യാന്‍വാസിംഗ് നടത്തുന്നത്. പൂര്‍വ്വ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കമ്മീഷന്‍ വ്യവസ്ഥയില്‍ ഏജന്റുമാരാക്കി അന്യ സംസ്ഥാന വിദ്യാഭ്യാസ വിപണന തന്ത്രത്തിന് പുറമെയാണ് വിദ്യാഭ്യസ ഏജന്‍സികളുടെ ക്യാമ്പയിനുകള്‍ പൊടി പൊടിക്കുന്നത്.
മാധ്യമങ്ങളും തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പേരുകള്‍ ദുരുപയോഗം ചെയ്തും ക്യാന്‍വാസിംഗ് നടത്തുന്നതായി സൂചനയുണ്ട്. സാമ്പത്തിക നിലവാരംകുകുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വായ്പ ഉള്‍പ്പെടെ ലഭ്യമാക്കിയാണ് ക്യാമ്പയിനുകള്‍ മുന്നേറുന്നത്.
മലയോര മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചാല്‍ മാത്രമേ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വന്‍ ചൂഷണത്തില്‍ നിന്നും രക്ഷിക്കുന്നതിനും അര്‍ഹമായ അറിവ് നേടിയെടുക്കുന്നതിനും കഴിയുകയുള്ളു.