പരാതികള്‍ ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ബ്ലേഡ് മാഫിയയെ ശക്തമാക്കി: ഇരകള്‍

Posted on: May 15, 2014 3:53 pm | Last updated: May 15, 2014 at 3:53 pm

BLADE MAFIYAകോഴിക്കോട്: ബ്ലേഡ് മാഫിയയുടെ ഭീഷണിയെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടും നടപടികള്‍ സ്വീകരിക്കാത്തത് സംസ്ഥാനത്ത് ബ്ലേഡ് മാഫിയയെ ശക്തമാക്കിയെന്ന് ഇരകള്‍. മാഫിയക്കെതിരെ നടപടി നേരത്തെ ആരംഭിച്ചിരുന്നുവെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ജില്ലയിലും ബ്ലേഡ് മാഫിയയുടെ ഭീഷണി മുമ്പ് തന്നെ ശക്തമായിരുന്നു. എന്നാല്‍ ഇരകളുടെ പരാതികള്‍ കേള്‍ക്കാനോ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയ്യാറാകാത്തത് ഇവരുടെ ശക്തി വര്‍ധിപ്പിക്കുകയായിരുന്നു. താമരശ്ശേരി ഉണ്ണികുളം ആനപ്പാറ വീട്ടില്‍ ടി പി അബ്ദുല്‍ മജീദ് ബ്ലേഡ് മാഫിയാ സംഘത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല. വ്യാപാരിയായിരുന്ന മജീദ് ബിസിനസ് തകര്‍ച്ചയെത്തുടര്‍ന്നാണ് ബാലുശ്ശേരി സ്വദേശിയായ ചാക്കോളാസ് എന്നറിയപ്പെടുന്ന പി എം ചാക്കോയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങിയത്. അഞ്ച് വര്‍ഷം കൊണ്ട് ഇതിന്റെ ഇരട്ടിയിലധികം തുക തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ പണം വാങ്ങുമ്പോള്‍ മജീദ് ഈടുനല്‍കിയിരുന്ന സ്ഥലം മടക്കി നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. ഇടപാട് അവസാനിക്കുന്ന മുറക്ക് മടക്കി രജിസ്റ്റര്‍ ചെയ്തുതരാമെന്നായിരുന്നു ബ്ലേഡ് സംഘം പറഞ്ഞിരുന്നത്. ഇവരുടെ ഭീഷണി ശക്തമായതിനെത്തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കി നിരവധി തവണ ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. പിന്നീട് ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് വിശ്വാസ വഞ്ചനാ കുറ്റം ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സുപ്രീം കോടതിയില്‍ നിന്ന് ചാക്കോക്ക് മുന്‍കൂര്‍ ജാമ്യം നേടാന്‍ പോലീസ് അവസരമൊരുക്കുകയും ചെയ്തു. പ്രദേശത്തെ 400 ല്‍ പരം കുടുംബങ്ങള്‍ ബ്ലെഡ് മാഫിയകളുടെ വഞ്ചനകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. പണം നല്‍കുമ്പോള്‍ ബ്ലാങ്ക് ചെക്കുകള്‍ക്ക് പുറമെ വായ്പാ തുകയുടെ മൂന്നിരട്ടി വിലയുള്ള ഭൂമി തന്റെ പേരിലേക്ക് പണം വാങ്ങുന്ന ആളുടെ ചെലവില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നതാണ് ഇത്തരം ബ്ലേഡ് സംഘങ്ങളുടെ ആവശ്യം. സംസ്ഥാനത്ത് കോഴിക്കോട്ട് മാത്രമാണ് ഇത്തരം ബ്ലേഡ് ഇടപാടുകള്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പണം തിരിച്ചുകൊടുക്കുമ്പോള്‍ ഭൂമി തിരിച്ചു നല്‍കുമെന്ന് വാക്കാല്‍ ഉറപ്പുനല്‍കുമെങ്കിലും പലിശ അടക്കുന്നത് മുടങ്ങിയാല്‍ ഭൂമി മറിച്ചു വില്‍ക്കുകയോ സ്വന്തക്കാരുടെ പേരിലേക്ക് മാറ്റുകയോ ആണ് ഇവരുടെ രീതി. താമരശ്ശേരി, ബാലുശ്ശേരി, പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അഞ്ഞൂറിലേറെ ഭൂമി ഇടപാടുകള്‍ ചാക്കോയുടെ പേരില്‍ മാത്രം നടന്നതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 2009 മുതല്‍ 2013 വരെ 300 ല്‍ പരം ആധാരങ്ങളാണ് ഇടപാടുകാരെ വഞ്ചിച്ചും പീഡിപ്പിച്ചും രജിസ്റ്റര്‍ ചെയ്ത് വാങ്ങിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ 2009 മുതല്‍ 2012 വരെ 60 ഓളം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയിട്ടുണ്ട്. ഇപ്പോഴും ഇവര്‍ പണമിടപാട് തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. തന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കണ്ടുകെട്ടിയ ആധാരത്തിലെ വസ്തുവഹകള്‍ പോലും നിയമവിരുദ്ധമായി കൈമാറ്റം നടത്തിയിട്ടുണ്ടെന്നും മജീദ് വ്യക്തമാക്കുന്നു.
പോലീസ് ഇപ്പോള്‍ റെയ്ഡുകള്‍ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം ഇത്രയധികം പരാതികളും തെളിവുകളും ലഭിച്ചിട്ടും മാഫിയക്കെതിരെ നടപടി സ്വീകരിക്കാതിരുന്നത് ഓപ്പറേഷന്‍ കുബേരയുടെ സത്യസന്ധതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇരകള്‍ പറയുന്നു.