ആര് ജയിച്ചാലും കൊട്ടിപ്പാടാനൊരുങ്ങി മേളാ സംഘം

Posted on: May 15, 2014 3:38 pm | Last updated: May 15, 2014 at 3:38 pm

കോഴിക്കോട്: നാളെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ആഹ്ലാദ പ്രകടനക്കാരെ കാത്തിരിപ്പാണ് നടക്കാവ് സോഫിയ പാരഡൈസിലെ കലാകാരന്‍മാര്‍. ആഹ്ലാദപ്രകടനങ്ങള്‍ക്ക് ബാന്റ് മേളമൊരുക്കുന്ന ഇവര്‍ക്ക് ആര് ജയിച്ചാലും കോളുതന്നെ. ആദ്യഫലസൂചനകള്‍ അറിഞ്ഞു തുടങ്ങുമ്പോള്‍ തന്നെ സോഫിയ പാരഡൈസില്‍ ആവശ്യക്കാരെത്തിത്തുടങ്ങും.
ഉത്സവങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും നേരത്തെ ബുക്കിംഗ് സ്വീകരിക്കാറുള്ള കടയുടമ അബ്ദുര്‍റഹ്മാന്‍ ഇലക്ഷന്‍ റിസല്‍റ്റിന്റെ ആഹ്ലാദപ്രകടനത്തിന് ബുക്കിംഗ് സ്വീകരിക്കാറില്ല. അതിനുള്ള കാരണവുമുണ്ട്. 1991 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് എല്‍ ഡി എഫിലെ എം ദാസനും യു ഡി എഫിലെ എ സുജനപാലും മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതും ദാസന്റെ പാര്‍ട്ടിക്കാര്‍ ബാന്റ് സെറ്റ് ബുക്ക് ചെയ്തു. ഫലം വന്ന ദിവസം ഉച്ചയായിട്ടും ഇവര്‍ എത്തിയില്ല. അന്വേഷിച്ചപ്പോഴാണ് സുജനപാല്‍ വിജയിച്ചതറിയുന്നത്. അന്ന് മുതലാണ് ബുക്കിംഗ് നിര്‍ത്തിയത്. 120 ഓളം ബാന്റുകളുണ്ട് ഇവിടെ. വലിപ്പത്തിനനുസരിച്ചാണ് വാടക. വലുതിന് 400 രൂപയാണ് ഒരു ദിവസത്തേക്ക്. ബാന്റിന് പുറമെ ചെണ്ട, ഡ്രം, ദഫ്, ഇലത്താളം, സെന്തില്‍, ഡ്യൂക്കല്‍ തുടങ്ങിയവയുടേയും വന്‍ശേഖരവുമുണ്ട്. കഴിഞ്ഞ ദിവസം രാഹുലിന്റേയും മോദിയുടെയും പതിനായിരം മുഖംമൂടികള്‍ കച്ചവടത്തിനായി എത്തിച്ചിട്ടുണ്ട്. നടക്കാവ് സ്വദേശിയായ അബ്ദുര്‍റഹിമാന്‍ 30 വര്‍ഷമായി കട തുടങ്ങിയിട്ട്്. കലോത്സവങ്ങള്‍ക്കും ക്രിസ്മസിനും വസ്ത്രങ്ങള്‍ വാടകക്കെടുക്കാനും കോഴിക്കോട്ടുകാര്‍ക്ക് ഈ കടയാണ് ആശ്രയം.