വ്യാപക വാഹന പരിശോധന: 5,77,000 രൂപ പിഴ ഈടാക്കി

Posted on: May 15, 2014 3:37 pm | Last updated: May 15, 2014 at 3:37 pm

കോഴിക്കോട്: നഗരപരിധിയില്‍ വ്യാപക വാഹന പരിശോധന. നൂറ് കണക്കിന് വാഹനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. നാളെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ സുരക്ഷാനടപടികളുടെയും മഴക്കാല പൂര്‍വ റോഡ് സുരക്ഷയുടെയും ഭാഗമായാണ് പരിശോധന.
ഇന്നലെ രാവിലെ മുതല്‍ നഗരത്തിലെ 68 കേന്ദ്രങ്ങളിലാണ് സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. പരിശോധനക്ക് വിധേയമാക്കിയ 3600 വാഹനങ്ങളില്‍ നിരവധി വാഹനങ്ങള്‍ക്ക് ക്രമക്കേടുകള്‍ ഉള്ളതായി കണ്ടെത്തി. 5,77,000 രൂപയാണ് ഇവരില്‍ നിന്ന് പിഴ ഈടാക്കിയത്. മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് പേര്‍ക്കെതിരെയും അപകടകരമായി വാഹനമോടിച്ച 50 പേര്‍ക്കെതിരെയും അമിതവേഗതിയില്‍ വാഹനമോടിച്ച 38 പേര്‍ക്കെതിരെയും കേസെടുത്തു. ലൈസന്‍സില്ലാത്തതിന് 121 പേരില്‍ നിന്നും, ഇന്‍ഷുറന്‍സ് പേപ്പര്‍ ഇല്ലാത്തതിന് 61 പേരില്‍ നിന്നും ശരിയായ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 86 പേരില്‍ നിന്നും പിഴ ഈടാക്കി. ഹെല്‍മറ്റ് ധരിക്കാത്ത 586 ഇരുചക്രവാഹന യാത്രികര്‍ക്കും സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത 136 വാഹനയാത്രികര്‍ക്കും പിഴ ചുമത്തി. മറ്റ് ട്രാഫിക് നിയമലംഘനത്തിന് 1407 പേര്‍ക്കെതിരെയും കേസെടുത്തു.
പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നഗരപരിധിയില്‍ നടത്തിയ വാഹന പരിശോധനയില്‍ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ മുതല്‍ കമ്മീഷണര്‍ വരെയുള്ളവര്‍ പങ്കാളികളായി. ട്രാഫിക് പോലീസിന്റെയും ആര്‍ ടി ഒയുടെയും സഹകരണത്തോടെ ക്യാമറ സംവിധാനത്തോടെയായിരുന്നു മിക്കയിടങ്ങളിലും പരിശോധന. അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, സി ഐമാര്‍, എസ് ഐമാര്‍, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ എന്നിവര്‍ സംയുക്തമായി പ്രത്യേകം സ്‌ക്വാഡ് തിരിച്ച് പരിശോധനയില്‍ അണിനിരന്നു. പരിശോധന തുടരുമെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു.
മഴക്കാലത്ത് റോഡപകട സാധ്യത കൂടുതലായതിനാല്‍ സുരക്ഷാ നടപടികളുടെ ഭാഗമായി നടത്തുന്ന പ്രി-മണ്‍സൂണ്‍ വാഹന പരിശോധനയാണ് കഴിഞ്ഞ ഒമ്പതാം തീയ്യതി മുതല്‍ തുടങ്ങിയതെന്നാണ് പോലീസിന്റെ വിശദീകരണം. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, ടാക്‌സ് റസീറ്റ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ്, ബ്രേക്ക്, ഹെഡ്‌ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, സൈഡ് മിറര്‍ തുടങ്ങിയവയെല്ലാം പരിശോധനക്ക് വിധേയമാക്കി.
ട്രാഫിക് പോലീസിന്റെ 68 വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ ആറ് വാഹനങ്ങളും ഉള്‍പ്പെട്ടതായിരുന്നു പരിശോധനാ സംഘങ്ങള്‍. പരിശോധനയില്‍ തൃപ്തികരമെന്നു ബോധ്യപ്പെട്ട വാഹനങ്ങളില്‍ പോലീസ് ചെക്ക്ഡ് എന്ന സീല്‍ പതിച്ചു നല്‍കി.