അപകടത്തില്‍പെട്ട ദമ്പതികളെ ആശുപത്രിയിലെത്തിച്ച അധ്യാപകന്റെ ഹെല്‍മറ്റും സാധനങ്ങളും മോഷ്ടിച്ചു

Posted on: May 15, 2014 12:43 pm | Last updated: May 15, 2014 at 12:43 pm

തൃക്കരിപ്പൂര്‍: ബൈക്കപകടത്തിലപ്പെട്ട ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ച അധ്യാപകന്റെ ബൈക്കില്‍ നിന്നും ഹെല്‍മറ്റും വീട്ടു സാധനങ്ങളും മോഷ്ടിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടരയോടെ തടിയന്‍കൊവ്വല്‍ പോളി ടെക്‌നികള്‍ കോളജിന് പരിസരത്ത് വെച്ചാണ് സംഭവം.
മാണിയാട്ടെ ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ വി ബാബുവും ഭാര്യ കാസര്‍കോട് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളുമായ യു കെ സരളയും തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മാണിയാട്ടേക്ക് വരുന്ന വഴി ബൈക്കപകടത്തില്‍പെട്ടു. ബോധം നശിച്ചുകിടക്കുന്ന ബാബുവിനെയും ഭാര്യയേയും അതുവഴി ബൈക്കില്‍ വന്ന എടച്ചാക്കൈ എ യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ രാഘവന്‍ മറ്റൊരു വാഹനത്തില്‍ കയറ്റി തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും പിലിക്കോട് പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റു കൂടിയായ രാഘവന്‍ മാസ്റ്ററുടെ ബൈക്കിന്റെ ഹെല്‍മറ്റ്, വീട്ടാവശ്യത്തിനായി വാങ്ങിയ ആയിരത്തോളം രൂപയുടെ സാധന സാമഗ്രികളും നഷ്ടപ്പെട്ടിരുന്നു.