Connect with us

Malappuram

കാഴ്ചയില്ലാതെ വളയം പിടിക്കല്ലേ....

Published

|

Last Updated

40 വയസിന് മുകളിലുള്ള ഡ്രൈവര്‍മാരില്‍ പകുതിയും കാഴ്ചക്കുറവുള്ളവര്‍

മലപ്പുറം: ജില്ലയില്‍ 40 വയസിന് മുകളിലുള്ള ഡ്രൈവര്‍മാരില്‍ പകുതിയും ആവശ്യമായ കാഴ്ചയില്ലാത്തവരെന്ന് കണ്ടെത്തി. ഇതില്‍ 20 ശതമാനം പേര്‍ മാത്രമാണ് ശരിയായ കണ്ണട ധരിക്കുന്നത്. ആര്‍ ടി ഒ. എം പി അജിത്കുമാറും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജില്ലയിലെ വാഹന അപകടങ്ങളില്‍ എട്ട് ശതമാനവും സംഭവിക്കുന്നത് ഡ്രൈവര്‍മാരുടെ കാഴ്ച കുറവാണ്. അഞ്ച് ശതമാനം ഡ്രൈവര്‍മാര്‍ക്കും കണ്ണട ധരിച്ചാലും വാഹനമോടിക്കാനുള്ള കാഴ്ച ലഭിക്കില്ല.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് റോഡ് സേഫ്റ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ബിജുവിന് സമര്‍പ്പിച്ചു. പുതുതായി ലൈസന്‍സ് എടുക്കുന്നവര്‍ക്കും പുതുക്കുന്നവര്‍ക്കുമായി ഒരു ദിവസം 800 കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റുകളാണ് ജില്ലയില്‍ അനുവദിക്കുന്നത്.
കണ്ണ് പരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് മാസത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സബ് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് കലക്റ്റര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ ഡി എം ഒ പരിശോധിക്കും. തെറ്റായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും പരിശോധന നടത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ണട ഉപയോഗിക്കേണ്ടവര്‍ക്ക് കണ്ണട ധരിച്ച ഫോട്ടോയുള്ള ലൈസന്‍സ് നല്‍കും. ഇവരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തുകയും ചെയ്യും.
ഇവര്‍ കണ്ണട ഉപയോഗിക്കാതെ വാഹനമോടിച്ചാല്‍ അപകടകരമായ ഡ്രൈവിംഗിന് മോട്ടോര്‍ വാഹന നിയമം 184 അനുസരിച്ച് കേസെടുക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.

Latest