ഓപ്പറേഷന്‍ കുബേര; പണവും രേഖകളും കണ്ടെടുത്തു

Posted on: May 15, 2014 12:07 pm | Last updated: May 15, 2014 at 12:07 pm

മലപ്പുറം/തിരൂരങ്ങാടി: ബ്ലേഡ്മാഫിയക്കെതിരെയുള്ള പോലീസ് പരിശോധന ഓപ്പറേഷന്‍ കുബേര ഇന്നലെയും നടന്നു. ചെമ്മാട്ടെ ഒരുവീട്ടില്‍നിന്ന് ചെക്കുകളും രേഖകളും പിടിച്ചെടുത്തു. ഒരാള്‍ക്കെതിരെ കേസെടുത്തു. ചെമ്മാട് കുമ്പങ്കടവ് റോഡിലെ പുത്തൂര്‍ രാജ(53)നെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.
ഇയാളുടെ വീട്ടില്‍ ബേങ്ക് ചെക്ക്‌ലീഫുകളും ഓട്ടോറിക്ഷയുടെ കരാര്‍ എഴുതിയ മുദ്ര പേപ്പറും ചക്ര എന്റര്‍ പ്രൈസസ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ രേഖകളും 10905 രൂപയും കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെതുടര്‍ന്നാണ് തിരൂരങ്ങാടി എസ്‌ഐ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തിയത്. റെയ്ഡ് സമയത്ത് രാജന്‍ സ്ഥലത്തുണ്ടായിരുന്നില്ല. കുറ്റിപ്പുറത്തും വളാഞ്ചേരിയിലും പോലീസ് റൈഡ് നടത്തി. കുറ്റിപ്പുറം തെക്കെ അങ്ങാടി സ്വദേശി മണിയുടെ വീട്ടിലും തിരൂര്‍ റോഡില്‍ റിട്ട. അധ്യാപിക വിലാസിനിയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് പത്ത് ലക്ഷം നല്‍കിയ കേസില്‍ വിലാസിനി പോലീസ് നിരീക്ഷണത്തിലായിരുന്നു.
വിലാസിനിയുടെ തിരൂര്‍ റോഡിലെ വസ്ത്ര വ്യാപര സ്ഥാപനത്തിലെ ജിവനക്കാരന്റെ സാഹായി തലക്കളത്തൂര്‍ പറമ്പത്ത് പ്രമോദിനെ കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് പലിശയിടപാട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
പരിശോധന വിവരം ചോര്‍ന്നതിനാല്‍ പോലീസ് എത്തുന്നതിന് മുന്നെ പലിശയിടപാട് രേഖകള്‍ മാറ്റിയതായാണ് സൂചന. വളാഞ്ചേരിയിലെ വിവിധയിടങ്ങളിലും പോലീസ് റൈഡ് നടത്തി.
കൊണ്ടോട്ടി: വട്ടിപലിശക്ക് പണം കടം കൊടുക്കുക്കുന്നതുമായി ബന്ധപ്പെട്ട് ഒരാളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി തുറക്കല്‍ ചെമ്മലപറമ്പ് ബാബു (46) വാണ് അറസ്റ്റിലായത്. വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ പണമിടപാട് നടത്തിയിരുന്നത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണമിടപാടുമായി ബന്ധപ്പെട്ട മുദ്ര പത്രങ്ങളും മറ്റ് രേഖകളും കണ്ടെടുത്തിട്ടുണ്ട്. പരപ്പനങ്ങാടിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പണവും രേഖകളും പിടികൂടി. നാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ടൗണിലെ ടി കെ സന്ദീപിന്റെ വീട്ടില്‍ നിന്ന് 140,000 രൂപയും രേഖകളും പിടിച്ചെടുത്തു. കുബേര ഓപ്പറേഷനുണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് പല ബ്ലേഡ് മാഫിയകളും പണവും രേഖകളും മാറ്റുവാന്‍ സൗകര്യം ലഭിച്ചിരുന്നു. നാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.