ചെങ്കപ്പള്ളി-തിരുപ്പൂര്‍-വാളയാര്‍ ഹൈവെ ഉടന്‍ പൂര്‍ത്തിയാകില്ല

Posted on: May 15, 2014 12:44 am | Last updated: May 15, 2014 at 12:44 am

പാലക്കാട്: ദേശീയപാത 47നെ നാല് വരിപ്പാതയാക്കി മാറ്റുന്ന ജോലികള്‍ പൂര്‍ത്തിയാകാന്‍ ഇനിയും വൈകും. ചെങ്കപ്പള്ളി-തിരുപ്പൂര്‍-വാളയാര്‍ വരെയുള്ള ഭാഗം പണിതീരാന്‍ ഈ വര്‍ഷം ഡിസംബര്‍ വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.—
കരാറുകാരന്റെ കൈവശം ആവശ്യത്തിനു പണമില്ലാത്തതാണ് പ്രശ്‌നം. പണത്തിന്റെ പോരായ്മ കാരണം പദ്ധതി മൂന്നാംതവണയാണ് വൈകുന്നത്. അഭിഭാഷകനായ വി നന്ദകുമാര്‍ വിവരാവകാശനിയമമനുസരിച്ച് ഫയല്‍ ചെയ്ത ഹര്‍ജിക്ക് ലഭിച്ച മറുപടിയില്‍ ഈ വര്‍ഷം ഒക്ടോബറിലോ നവംബറിലോ റോഡ്‌നിര്‍മാണം പൂര്‍ത്തിയാകുമെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി.—
എന്നാല്‍ റോഡുപണി പൂര്‍ത്തിയാകാന്‍ ഡിസംബര്‍ ആകുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കോയമ്പത്തൂര്‍ പ്രോജക്ട് ഡയറക്ടര്‍ ഗണേഷ്‌കുമാര്‍ പറഞ്ഞു.
ടോള്‍പിരിവ് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ കരാര്‍ ചെയ്യുന്നതില്‍ വൈമനസ്യം കാണിച്ചതാണെന്ന പ്രചാരണം ശരിയല്ലെന്നും പ്രോജക്ട് ഡയക്ടര്‍ വ്യക്തമാക്കി. 54.76 കിലോമീറ്റര്‍ റോഡുപണി 2010ലാണ് ആരംഭിച്ചത.് 2013 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. 850 കോടിയുടേതാണ് പദ്ധതി. നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ഉണ്ടാക്കിയ കരാറനുസരിച്ച് ചെങ്കപ്പള്ളി മുതല്‍ നീലാമ്പൂര്‍ വരെ ആറ് വരിപ്പാതയും രണ്ടാംഘട്ടമായി മധുക്കരൈ മുതല്‍ വാളയാര്‍ വരെ നാല്‌വരിപ്പാതയുമാണ് പണിയേണ്ടത്.—
2013 മാര്‍ച്ചില്‍ ഔദ്യോഗിക കേന്ദ്രങ്ങളുടെ അറിയിപ്പുപ്രകാരം, വീതികൂട്ടുന്ന ജോലി 2014 ജൂലായില്‍ അവസാനിക്കുമെന്നായിരുന്നു. 2014 തുടക്കത്തില്‍ത്തന്നെ അധികൃതര്‍ വീണ്ടും തിരുത്തി. ഇങ്ങനെ വൈകിയാല്‍ കരാറുകാരന് ഒരു ദിവസം 30 ലക്ഷം രൂപ നഷ്ടം വരുമെന്ന് പ്രോജക്ട് ഡയറക്ടര്‍ പറയുന്നു. പദ്ധതി പൂര്‍ത്തിയായാല്‍ ഒരുദിവസം ടോള്‍ പിരിവ് ഇനത്തില്‍ കിട്ടുന്ന തുകക്ക് തുല്യമാണ് ഈ സംഖ്യ. ഇരുപത് വര്‍ഷക്കാലത്തേക്ക് ടോള്‍പിരിവ് അനുവദിക്കുന്ന നിലയില്‍ ബി ഒ ടി അടിസ്ഥാനത്തിലാണ് കരാറുകാരന്‍ ജോലി ഏറ്റെടുത്തത്. എന്നാല്‍, തമിഴ്‌നാട്ടിലെ പണികള്‍ ടാറ്റാഗ്രൂപ്പിന് കൈമാറാന്‍ നീക്കം നടന്നിരുന്നു. അക്കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. ചര്‍ച്ച പുരോഗമിക്കുകയാണ്.