റേഷനരി പൊടിച്ച് കേരളത്തിലേക്ക് കടത്തുന്നു

Posted on: May 15, 2014 12:43 am | Last updated: May 15, 2014 at 12:43 am

പാലക്കാട്: റേഷനരി പൊടിയാക്കി പാക്കറ്റുകളിലാക്കി കേരളത്തിലേക്കു കടത്തുന്നു.
റേഷനരി കടത്തുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെയാണ് അരിക്കു പകരം അരിപ്പൊടി കടത്താന്‍ തുടങ്ങിയത്. കോയമ്പത്തൂര്‍ ജില്ലയില്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന 1,100 റേഷന്‍ കടകളുണ്ട്. പാതി നേരം പ്രവര്‍ത്തിക്കുന്ന 259 റേഷന്‍ കടകളും 10.26 ലക്ഷം റേഷന്‍ കാര്‍ഡുകളുമുണ്ടെന്നാണ് കണക്ക്.
റേഷന്‍ കാര്‍ഡുകളിലൂടെ അരി, പഞ്ചസാര, പരിപ്പ്, മണ്ണെണ എന്നിവ വിതരണം ചെയ്യുന്നു. കുടുംബത്തിലെ അംഗസംഖ്യ പരിഗണിച്ച് ഏറ്റവും കുറഞ്ഞത് 20 കിലോ പുഴുങ്ങല്ലരിയും പച്ചരിയും വീതിച്ചു നല്‍കുന്നു.
കാര്‍ഡുടമകളില്‍ നിന്ന് കുറഞ്ഞ വിലക്ക് ശേഖരിക്കുന്ന അരി കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലേക്ക് കടത്തി കൂടുതല്‍ വിലക്ക് വില്‍ക്കുന്നതായി പരാതികളുണ്ട്. അരി കടത്തുമായി ബന്ധപ്പെട്ട പലരെയും ഗുണ്ടാ നിയമത്തില്‍ ജയിലിലടക്കുന്നുണ്ട്.
ഇതേത്തുടര്‍ന്നാണത്രെ പച്ചരി പൊടിയാക്കി പാക്കറ്റിലാക്കി കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ തുടങ്ങിയത്. പുഴുങ്ങലരി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറി ഇവിടെ താമസിക്കുന്ന റേഷന്‍ കാര്‍ഡുകളില്ലാത്തവര്‍ക്ക് ഉയര്‍ന്ന വിലക്ക് വില്‍ക്കുകയും ചെയ്യുന്നു. അരിപ്പൊടി കടത്തല്‍ വ്യാപകമായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി.—