മാവോയിസ്റ്റ് വേട്ടക്കായി എത്തിച്ച വാഹനം നോക്കുകുത്തിയായി

Posted on: May 15, 2014 12:40 am | Last updated: May 15, 2014 at 12:40 am

മാനന്തവാടി: മാവോവാദി വേട്ടക്കായി ജില്ലയില്‍ എത്തിച്ച ആഢംബര വാഹനം നോക്കുകുത്തിയായി മാറുന്നു. 25 ലക്ഷത്തോളം രൂപ വില വരുന്ന അമേരിക്കന്‍ നിര്‍മ്മിത വാഹനമായ കൊളാരീസ് റെയ്ഞ്ചര്‍ 800 ക്രൂ ആണ് വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനില്‍ മഴയും വെയിലും കൊണ്ട് കിടക്കുന്നത്. ഇതിന്റെ സംരക്ഷണം പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 24ന് നിരവില്‍പുഴ മട്ടിലയത്ത് മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന്‍ പ്രമോദിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘത്തി ഭീഷണിപെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി തെരച്ചില്‍ ശക്തമാക്കുന്നതിതിനാണ് പിറ്റേ ദിവസം തന്നെ വാഹനം എത്തിച്ചത്.
പരീക്ഷണാടിസ്ഥാനത്തില്‍ വാഹനം ഒടിച്ചതല്ലാതെ പിന്നീട് ഈ വാഹനം ഉപയോഗിച്ച് തെരച്ചില്‍ നടത്തിയിട്ടില്ല. വാഹനങ്ങള്‍ക്ക് കടന്ന് ചെല്ലാത്തിടത്തും ഉള്‍വനങ്ങളിലും മലമുകളിലും റോഡില്ലാതെ തന്നെ ഓടിക്കുവാന്‍ ഈ വാഹനം കൊമട് കഴിയും. കണ്ണൂര്‍, തിരുവനന്തപുരം, നിലമ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ഇതേ വാഹനം നല്‍കിയിട്ടുണ്ട്.
ജീപ്പ് വാഹനത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഈ വാഹനത്തിന്റെ ടയര്‍ റോഡിലൂടെ ഓടാന്‍ കഴിയില്ല.
ലോറിയില്‍ കയറ്റി തിരച്ചില്‍ നടത്തേണ്ട സ്ഥലത്ത് എത്തിക്കുകയാണ് ചെയ്യേണ്ടത്. ഒരു സ്ഥലത്ത് മാവോവാദി സാനിധ്യം സ്ഥിരീകരിച്ചാല്‍ ലോറി കൊണ്ടു വന്ന് വാഹനം കയറ്റി കൊണ്ടു പോയി വേണ്ട തിരച്ചില്‍ നടത്തണം.
ലോറി വാടക ഉള്‍പ്പെടെ ഇതിന്റെ ചിലവ് ആര് വഹിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത ഇല്ല.
വാഹനം ഓടിക്കാന്‍ പൊലീസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും വാഹനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ാരും തയ്യാറല്ല.
കൂടാതെ തുറന്ന വാഹനമായതിനാല്‍ ആയുധധാരികളായ മാവോവാദികള്‍ക്ക് ഏളുപ്പത്തില്‍ തിരച്ചില്‍ നടത്തുന്നവരെ ആക്രമിക്കുവാന്‍ കഴിയും. അതിനാല്‍ തന്നെ ഈ വാഹനം സുരക്ഷിതമല്ലെന്നാണ് സേനയിലെ അഭിപ്രായം.