ഇറാന്‍ ആണവ പ്രശ്‌നം: വിയന്നയില്‍ ചര്‍ച്ച തുടങ്ങി

Posted on: May 15, 2014 12:36 am | Last updated: May 15, 2014 at 12:36 am

വിയന്ന: ഇറാന്‍ ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിയന്നയില്‍ തുടങ്ങി. ആണവ വിഷയത്തില്‍ അന്തിമ കരാറിലെത്താനാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അമേരിക്കയുടെയും ഇറാന്റെയും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കരാറിലെത്താനായി നിരവധി പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് പറഞ്ഞു. എന്നാല്‍ ചര്‍ച്ചകള്‍ വളരെയധികം ദുഷ്‌കരമാണെന്നും വിഷയത്തില്‍ ഇറാനും ആറ് ലോക ശക്തികളും തമ്മില്‍ ഭിന്നത നിലനില്‍ക്കുകയാണെന്നും ഒരു മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബറില്‍ നടന്ന ചര്‍ച്ചയില്‍ ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാമെന്നും പകരം ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവ് വരുത്താമെന്നും ധാരണയായിരുന്നു. യു എസ്, യുകെ , ഫ്രാന്‍സ് , റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇറാന്‍ ആണവായുധ നിര്‍മാണത്തിന് ശ്രമിക്കുകയാണെന്ന ആശങ്കയുടെ പേരില്‍ ഇറാന്റെ ആണ പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.