സിറിയയില്‍ അസദിന് ഭരിക്കാന്‍ അവകാശം ഇല്ലെന്ന് ഒബാമ

Posted on: May 15, 2014 6:00 am | Last updated: May 15, 2014 at 12:35 am

വാഷിംഗ്ടണ്‍: സിറിയയെ ഭരിക്കാനുള്ള മുഴുവന്‍ അവകാശവും പ്രസിഡന്റ് ബശര്‍ അല്‍ അസദിന് നഷ്ടമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സിറിയയുടെ ഭാവി കാര്യങ്ങളില്‍ അസദിന് ഒരു സ്ഥാനവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ഒബാമയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസും സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രസിഡന്റ് അഹ്മദ് ജബ്‌റയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കല്‍ ഉള്‍പ്പെടെ നിലവില്‍ സിറിയ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ക്ക് ഇരുകൂട്ടരും തങ്ങളുടെ സഹകരണം ഉറപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ഒബാമ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. 28.7 കോടി ഡോളറിന്റെ സഹായമാണ് ഒബാമ വാഗ്ദാനം ചെയ്തത്.