Connect with us

International

വട്ടമേശ ചര്‍ച്ചക്ക് തയ്യാറായി ഉക്രൈന്‍ സര്‍ക്കാര്‍

Published

|

Last Updated

കീവ്: ഉക്രൈന്‍ വിഷയത്തില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ വട്ടമേശ ചര്‍ച്ചക്ക് തയ്യാറായി ഉക്രൈന്‍ സര്‍ക്കാര്‍ രംഗത്തെത്തി. റഷ്യന്‍ അനുകൂല വിമതര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ഉക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് വര്‍ധിച്ചു വരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്പിന്റെ പിന്തുണയോടെ ഉക്രൈന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. കീവില്‍ നടന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. പ്രധാനമന്ത്രി ആര്‍സിനി യെത്‌സെന്‍യുക്, നിയമവിദഗ്ധര്‍, മുന്‍ നേതാക്കള്‍, പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മത്സരാര്‍ഥികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കിഴക്കന്‍ ഉക്രൈനില്‍ നിരവധി നഗരങ്ങളുടെ അധികാരം പിടിച്ചെടുത്ത വിമത ഗ്രൂപ്പില്‍പ്പെട്ട ആരും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. രാഷ്ട്രത്തിന്റെ ഐക്യത്തിന് വേണ്ടി സമഗ്രമായ ചര്‍ച്ച ആരംഭിച്ചതായി ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഉക്രൈനിലെ ആളുകളെ മാത്രമല്ല, ഉക്രൈനിനെ തന്നെ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ തീവ്രവാദികളുമായി ചര്‍ച്ചകള്‍ അസാധ്യമാണെന്നും റഷ്യ ഇക്കാര്യത്തില്‍ മോശം നിലപാടാണ് സ്വീകരിക്കുന്നതെന്നും അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ സൈനികരെ പിന്‍വലിക്കലാണ് ആവശ്യമെന്നും വക്താവ് ചൂണ്ടിക്കാട്ടി. ശീതയുദ്ധ കാലം മുതല്‍ റഷ്യക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഈ ചര്‍ച്ച നല്ലൊരു അവസരമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ പറഞ്ഞു. അതേസമയം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരുമായി ചര്‍ച്ചക്ക് സ്ഥാനമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെയ് 25 ന് നടത്താന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കീവിനെയും റഷ്യന്‍ അനുകൂല വിമതരെയും കൂട്ടിയിരിത്തുക എന്ന ലക്ഷ്യത്തോടെ നേരത്തെ ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ ഉക്രൈനിലെത്തിയിരുന്നു.
ഉക്രൈന്‍ വിഷയത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ റഷ്യക്കെതിരെ കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നിലവില്‍ ഉക്രൈന്‍ നേരിടുന്ന പ്രതിസന്ധികളുടെ ആഴം കൂട്ടാനേ സഹായിക്കൂവെന്ന് റഷ്യയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമാധാന നടപടികള്‍ക്ക് തുടക്കം കുറിക്കണമെങ്കില്‍ കീവ് കിഴക്കന്‍ പ്രദേശങ്ങളില്‍ അവരുടെ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കണമെന്നുമാണ് റഷ്യയുടെ നിലപാട്. തീവ്രവാദികളെന്ന് ഉക്രൈന്‍ വിശേഷിപ്പിക്കുന്ന റഷ്യന്‍ വിമതര്‍ക്ക് നേരെ ഉക്രൈന്‍ സര്‍ക്കാര്‍ സൈനിക പ്രത്യാക്രമണം ശക്തമാക്കിയതോടെ സംഘര്‍ഷം വീണ്ടും വര്‍ധിക്കുകയാണ്. അതിനിടെയാണ് വിമതരുടെ ശക്തികേന്ദ്രമായ സഌവിന്‍സ്‌കില്‍ ഏറ്റുമുട്ടലിനിടെ ഉക്രൈന്‍ സൈന്യത്തില്‍പ്പെട്ട ഏഴ് പേര്‍ കൊല്ലപ്പെട്ടത്.