അരീക്കോട് സ്‌കൂളിലെ കൂട്ടത്തോല്‍വി; ഒന്‍പതില്‍ സേ പരീക്ഷ

Posted on: May 15, 2014 12:29 am | Last updated: May 15, 2014 at 12:29 am

മലപ്പുറം: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസിലെ കൂട്ടത്തോല്‍വിയില്‍ രണ്ടാം തവണയും വിജയിക്കാതെ പോയ 19 വിദ്യാര്‍ഥികള്‍ക്ക് സേ”പരീക്ഷ നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം. 66 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പരാജയപ്പെട്ടത്. ഇവരില്‍ രണ്ടാം തവണയും പരാജയപ്പെട്ട ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വമേധയാ നടപടി ആരംഭിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒമ്പതാം ക്ലാസില്‍ സേപരീക്ഷക്ക് കളമൊരുങ്ങുന്നത്. പത്താം തരത്തിലും ഹയര്‍സെക്കന്‍ഡറി തലത്തിലും ഇപ്പോള്‍ നിലവിലുള്ള “സേപരീക്ഷാ സമ്പ്രദയം ഒമ്പതാം തരത്തില്‍ കൂടി വരുന്നതോടെ എസ് എസ് എല്‍ സിക്ക് നൂറ് മേനി വിജയത്തിനായി നടത്തുന്ന തെറ്റായ നീക്കങ്ങള്‍ അവസാനിപ്പിക്കാനായേക്കും . ഒമ്പതാം ക്ലാസില്‍ അരീക്കോട് സുല്ലമുസലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നടത്തുന്ന സേ” പരീക്ഷക്ക് മുമ്പ് ഈ വിദ്യാര്‍ഥികള്‍ക്കായി ഏറ്റവും ചുരുങ്ങിയത് പത്ത് ദിവസത്തെ തീവ്ര പരിശീലന പദ്ധതി കൂടി നടത്തുന്നതിന് നിര്‍ദേശമുണ്ട്. “സേ” പരീക്ഷയില്‍ പ്രൊമോഷന്‍ നല്‍കുന്നവരെ കൂടി എസ് എസ് എല്‍ സി ബാച്ചില്‍ ഉള്‍പ്പെടുത്തണമെന്നാണ് താത്കാലിക ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കുന്നതിന് സ്‌കൂള്‍ ഹെഡ് മാസ്റ്ററെയും ഇതിന്റെ മേല്‍നോട്ടത്തിനായി ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടര്‍), വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ‘ഭാഗമായി പൊതു ജനങ്ങളില്‍ നിന്നുള്ള പൊതു തെളിവെടുപ്പ് പൂര്‍ത്തിയായി. ക്ലാസ് അധ്യാപകര്‍, സഹപാഠികള്‍, ബന്ധുകള്‍ എന്നിവരില്‍ നിന്നുള്ള തെളിവെടുപ്പുകളും തുടരുകയാണ്. ഹെഡ്മാസ്റ്ററില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. ഇന്ന് കുട്ടിയുടെ ക്ലാസില്‍ പഠിപ്പിച്ച അധ്യാപകരില്‍ നിന്ന് തെളിവെടുക്കും.