ബ്ലേഡ് മാഫിയക്കെതിരെ നടപടി: പിന്തുണ അഭ്യര്‍ഥിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെന്നിത്തലയുടെ കത്ത്

Posted on: May 15, 2014 12:28 am | Last updated: May 15, 2014 at 12:28 am

തിരുവനന്തപുരം: ബ്ലേഡ് മാഫിയക്കെതിരെയുള്ള നടപടികള്‍ക്ക് പിന്തുണ തേടി സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എം എല്‍ എമാര്‍ക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. ഓപറേഷന്‍ കുബേരയിലൂടെ ബ്ലേഡ്് മാഫിയക്കെതിരെ പോലീസ് സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള അഭിപ്രായവും തുടര്‍ നടപടിക്കുള്ള നിര്‍ദേശങ്ങളും അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് താന്‍ കത്ത് നല്‍കിയതെന്നും ചെന്നിത്തല പറഞ്ഞു. ഓപറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപറേഷന്‍ കുബേര ശക്തമായ രീതിയില്‍ മുന്നോട്ടുപോകുകയാണ്. ബ്ലേഡുമാഫിയക്കെതിരെയുള്ള നടപടിയുടെ ഭാഗമായി ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ആഭ്യന്തര വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി അറിഞ്ഞശേഷമെ നടപടിയെടുക്കൂ. നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. ഇക്കാര്യങ്ങള്‍ക്ക് മന്ത്രിസഭയുടെ പൂര്‍ണപിന്തുണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം രജിസ്‌ട്രേഷനില്ലാത്ത ധനകാര്യ സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കും. രജിസ്‌ട്രേഷന്‍ ഐ ജിക്കായിരിക്കും ഇതിന്റെ ചുമതല. സംസ്ഥാനത്ത് 10,280 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാത്രമെ രജിസ്‌ട്രേഷനുള്ളു. ഇവയുടെ പേരുകള്‍ ംംം.സലൃമഹമമേഃല.െഴീ്.ശിഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കും. നിലവില്‍ രജിസ്‌ട്രേഷനില്ലാത്ത സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ എടുക്കാന്‍ ജൂണ്‍ 30 വരെ അവസരമുണ്ടാകും. ഓപറേഷന്‍ കുബേര സംബന്ധിച്ച് പോലീസിനുള്ള കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.