സ്വാശ്രയ എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റുകളുമായുള്ള ചര്‍ച്ച പരാജയം

Posted on: May 15, 2014 12:28 am | Last updated: May 15, 2014 at 12:28 am

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിംഗ് കോളജ് പ്രവേശവുമായി ബന്ധപ്പെട്ട് സ്വാശ്രയ എന്‍ജിനീയറിംഗ്് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എന്‍ജിനീയറിംഗ് പ്രവേശത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 60 ശതമാനം വീതം മാര്‍ക്ക് വേണമെന്ന നിബന്ധനയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ചര്‍ച്ച അലസിപ്പിരിഞ്ഞത്. എന്‍ജിനീയറിംഗ്് പ്രവേശനത്തിന് എ ഐ സി ടി നിബന്ധനയനുസരിച്ചുള്ള മാര്‍ക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം.
എ ഐ സി ടി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആള്‍ ഇന്ത്യാ പാറ്റേണ്‍ പ്രകാരം എന്‍ജിനീയറിംഗ് പ്രവേശത്തിന് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്ക്് മതിയാകും. മുന്‍വര്‍ഷങ്ങളില്‍ പ്രവേശനത്തിന് 60 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന വെച്ചതോടെ 20 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ ഇടയായതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇവര്‍ അന്യസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലേക്കാണ് പോയത്. സര്‍ക്കാറിന് വിട്ടുനല്‍കിയ സീറ്റുകളും വ്യാപകമായി ഒഴിഞ്ഞുകിടന്നു. അതിനാല്‍, ഇക്കാര്യം പുനഃപരിശോധിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.
എന്നാല്‍, എന്‍ജിനീയറിംഗ്് കോഴ്‌സിന്റെ നിലവാരത്തകര്‍ച്ച ചൂണ്ടിക്കാട്ടി ഈ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. മാര്‍ക്ക് നിബന്ധനയുടെ കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകാത്തപക്ഷം പ്രവേശത്തിന്റെ കാര്യത്തില്‍ കരാര്‍ ഒപ്പിടില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് യൂനുസ് കുഞ്ഞ് അറിയിച്ചു. മാനേജ്‌മെന്റ് അസോസിയേഷനുമായി ധാരണയിലെത്തുന്നതിന് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.
മന്ത്രിമാരായ പി കെ അബ്്ദുര്‍റബ്ബ്, പി കെ ജയലക്ഷ്മി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മീഷനര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും എന്നിവരുംചര്‍ച്ചയില്‍ പങ്കെടുത്തു. പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ ഫീസ് ഇളവ് സംബന്ധിച്ച് കാത്തലിക് എന്‍ജിനീയറിംഗ് മാനേജ്‌മെന്റ് അസോസിയേഷനുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തി.