കണ്ണൂരില്‍ കനത്ത സുരക്ഷ, വ്യാപക തിരച്ചില്‍

Posted on: May 15, 2014 5:26 am | Last updated: May 15, 2014 at 12:26 am

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി സംഘര്‍ഷ സാധ്യതയുണ്ടെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത സുരക്ഷയൊരുക്കും.
നിലവിലുള്ള പോലീസ് സേനക്ക് പുറമെ സായുധരായ കൂടുതല്‍ പോലീസുകാരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ അണി നിരത്താന്‍ ഇതിനകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെല്ലായിടത്തും സുരക്ഷ ശക്തമാക്കുമെങ്കിലും കണ്ണൂരില്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നാണ് പോലീസിന് കിട്ടിയ നിര്‍ദേശം. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഫലപ്രഖ്യാപന ദിവസം കണ്ണൂരില്‍ മോട്ടോര്‍ സൈക്കിള്‍ റാലിയും മറ്റും നിരോധിച്ച് പോലീസ് ഉത്തരവുണ്ടാകും.
നഗരങ്ങളിലടക്കം വലിയ തോതില്‍ പടക്കം പൊട്ടിച്ചും മറ്റും ആഹ്ലാദം പ്രകടിപ്പിക്കുന്നതിനും നിരോധമുണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ പ്രവര്‍ത്തകര്‍ക്ക് പ്രവേശനാനുമതിയുണ്ടാകില്ല. സംഘര്‍ഷസാധ്യതയുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരെ കൂട്ടം കൂടി നില്‍ക്കാനും അനുവദിക്കില്ല. സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ 1,500 പോലീസുകാരെ അധികമായി വിന്യസിക്കുന്നുണ്ട്. തളിപ്പറമ്പ്, പയ്യന്നൂര്‍, തലശ്ശേരി, ഇരിട്ടി തുടങ്ങിയ പ്രധാന പട്ടണങ്ങളിലെല്ലാം കൂടുതല്‍ മൊബൈല്‍ പട്രോളിംഗ് ഏര്‍പ്പെടുത്താനും പ്രത്യേക കാവല്‍ ഏര്‍പ്പെടുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സേനയടക്കമുള്ള മറ്റ് സേനാവിഭാഗങ്ങളെ സുരക്ഷ ഒരുക്കുന്നതിന് നിയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും ആവശ്യമാണെങ്കില്‍ ഇതിനുള്ള തയ്യാറെടുപ്പ് കൂടി നടത്താന്‍ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്. മൊബൈല്‍ പട്രോളിംഗിന് പുറമെ ഫൂട്ട് പട്രോളിംഗ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവയെയും സുരക്ഷക്കായി നിയോഗിക്കുന്നുണ്ട്.
കണ്ണൂരിലെ വിവിധ കേന്ദ്രങ്ങളില്‍ ഇതിനകം ബോംബ് സ്‌ക്വാഡ് തിരച്ചില്‍ നടത്തിക്കഴിഞ്ഞു. മട്ടന്നൂര്‍, ഇരിട്ടി, പയ്യന്നൂര്‍, തലശ്ശേരി എന്നീ മേഖലകളിലെ ചില പ്രദേശങ്ങളില്‍ ആയുധങ്ങള്‍ക്കും മറ്റുമായി റെയ്ഡ് നടത്തി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.