ഓപ്പറേഷന്‍ കുബേര പ്രഹസനമെന്ന് ആരോപണം

Posted on: May 15, 2014 12:23 am | Last updated: May 15, 2014 at 12:23 am

കൊച്ചി: ബ്ലേഡ് മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഓപ്പറേഷന്‍ കുബേര പ്രഹസനണെന്ന് ബ്ലേഡ് വിരുദ്ധസമിതി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
അമിതപലിശയ്ക്ക് പണം നല്‍കുന്നത് സര്‍വ്വസാധാരണമായി മാറിയ സമൂഹത്തില്‍ ജയിലുകള്‍ നിറയ്ക്കാന്‍ മാത്രമേ ഇത്തരം നടപടികള്‍ ഉപകരിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. ബ്ലേഡ് മാഫിയകളും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള അവിശുദ്ധബന്ധമാണ് ഇതിനെ വളര്‍ത്തുന്നത്. റെയ്ഡിന്റെ പേരില്‍ ചില ചെറുകിടക്കാരെ മാത്രം അറസ്റ്റ് ചെയ്ത് വമ്പന്‍സ്രാവുകള്‍ക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കുകയാണ്. ബ്ലേഡ് പൊലീസ് രാഷ്ട്രീയ മാഫിയകളെ കണ്ടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അമിതപലിശ ഈടാക്കുന്നവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കുന്നത് ഫലപ്രദമല്ല. ബ്ലേഡ്‌വിരുദ്ധ നിയമനിര്‍മ്മാണത്തിലൂടെയും സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ നിയമിക്കുന്നതിലൂടെയും മാത്രമേ ഇതിന് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ബ്ലേഡ് ഇടപാടു നടത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടണമെന്നും അവരെ പൊലീസ് സേനയില്‍ നിന്ന് പിരിച്ച്‌വിടണമെന്നും അവര്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ്ണ ബാങ്കിങ് സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത് ഇതില്‍ മാറ്റം വരണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൊള്ളപ്പലിശ ഇടപാടുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പലിശ പുസ്തകങ്ങള്‍ ചുട്ടെരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് പ്രചരണജാഥനടത്തുമെന്നും. വന്‍കിട സ്വകാര്യപണമിടപാടു സ്ഥാനപങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍, ജോസ് ഫ്രാന്‍സിസ്, പി എ മുഹമ്മദ്, പി രാം കുമാര്‍, വി സി ജെന്നി, ദേവദാസ് പങ്കെടുത്തു.