ഇനി പറയൂ, മുജാഹിദ് പ്രസ്ഥാനത്തിന് തെറ്റിയിട്ടുണ്ടോ?

Posted on: May 15, 2014 6:00 am | Last updated: May 15, 2014 at 12:05 am

കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ(കെ എന്‍ എം) അടുത്ത ജനറല്‍ സെക്രട്ടറിയായി പി പി ഉണ്ണീന്‍ കുട്ടി മൗലവിയെ ഈയിടെ അന്തരിച്ച എ പി അബ്ദുല്‍ ഖാദിര്‍ മൗലവി നിര്‍ദേശിച്ചിരുന്നോ എന്നറിയില്ല. ഏതായാലും പാലക്കാട് സ്വദേശിയും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ ഇദ്ദേഹത്തെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ജനാസ നിസ്‌കാരത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയാണ് ഇടക്കാല ജനറല്‍ സെക്രട്ടറിയായി നിയമിച്ചതായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെ എന്‍ എം സംസ്ഥാന കൗണ്‍സില്‍ ഉണ്ണീന്‍ കുട്ടി മൗലവിയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്.
ഇതുപോലൊരു സാഹചര്യത്തില്‍ തന്നെയായിരുന്നു എ പി അബ്ദുല്‍ ഖാദര്‍ മൗലവിയും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കെ പി മുഹമ്മദ് മൗലവിയുടെ മൃതദേഹം മറവ് ചെയ്യുന്നതിനു മുമ്പ് തന്നെ എ പി അബ്ദുല്‍ ഖാദര്‍ മൗലവിയെ കെ എന്‍ എം ജനറല്‍ സക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയായി കെ പി മൗലവി ജീവിതകാലത്ത് നിര്‍ദേശിച്ചിരുന്നു എന്നാണ് പറയുന്നത്. ഇതിനെ ചൊല്ലി കെ പിയോട് യുവജന വിഭാഗത്തിനിടയില്‍ അന്നേ മുറുമുറുപ്പുണ്ടായിരുന്നത്രേ.
ഈ അകല്‍ച്ച തിടം വെച്ചാണ് 12 വര്‍ഷം മുമ്പ് മുജാഹിദുകള്‍ രണ്ടായി പിളര്‍ന്നത്. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മടവൂര്‍ വിഭാഗമെന്നും എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വിഭാഗവും. യഥാര്‍ഥത്തില്‍ താക്കോല്‍ സ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള കരുനീക്കങ്ങളുടെ ഭാഗമാണ് മുജാഹിദ് പിളര്‍പ്പ് എന്ന് വിശ്വസിക്കുന്നവര്‍ മുജാഹിദുകള്‍ക്കിടയിലും പുറത്തുമുണ്ട്. ഏറ്റവും കൂടുതല്‍ വിദേശ സഹായം ലഭിക്കുന്ന മുസ്‌ലിം സംഘടന എന്ന നിലയില്‍ (ത്വാഹാ മാടായിയുമായുള്ള അഭിമുഖത്തില്‍ എ പി അബ്ദുല്‍ ഖാദര്‍ മൗലവി തന്നെ അങ്ങനെയാണ് കെ എന്‍ എമ്മിനെ വിശേഷിപ്പിക്കുന്നത്- സമകാലിക മലയാളം വാരിക 2002 സെപ്തംബര്‍) കെ എന്‍ എമ്മിന്റെ നേതൃസ്ഥാനത്തെത്താന്‍ ആളുകള്‍ കൊതിക്കുക സ്വഭാവികം. മുജാഹിദുകളും മനുഷ്യരല്ലേ?
എ പി അബ്ദുല്‍ ഖാദര്‍ മൗലവിക്ക് ശേഷം നേതൃസ്ഥാനത്തേക്ക് വരാനുള്ള ശ്രമങ്ങളും മുജാഹിദ് സംഘടനയുടെ ആദ്യ പിളര്‍പ്പിന് കാരണമെന്ന് കേട്ടിരുന്നു. ഹുസൈന്‍ മടവൂരും കൂട്ടരും സംഘടന വിടുന്നതില്‍ കാര്യങ്ങളെത്തിയത് ഇങ്ങനെയാണെന്നും പറയുന്നു.
ഇടക്കാല സെക്രട്ടറിയായി ഉണ്ണീന്‍ കുട്ടി മൗലവിയെക്കാള്‍ ഏറെ അറിയപ്പെടുന്നവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നവരുമൊക്കെ ഇപ്പോള്‍ ചിത്രത്തിലില്ല. ജോലിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഒരന്വേഷണം നേരിടുന്ന വ്യക്തിയായതുകൊണ്ടാണോ അതല്ല, സംഘടനയുമായി ഇടഞ്ഞു നില്‍ക്കുന്ന വിഭാഗങ്ങളെ പ്രകോപിപ്പിക്കേണ്ടെന്ന് കരുതിയാണോ എന്നറില്ല ഉണ്ണീന്‍ കുട്ടി മൗലവിയുടെ വരവ്. (ഔദ്യോഗിക പക്ഷത്താണോ എന്ന് ചോദിച്ചാല്‍ അല്ല, അല്ലേ എന്ന് ചോദിച്ചാല്‍ ആണ് താനും. ഇങ്ങനെയൊരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ഉണ്ടല്ലോ)
അതിനിടെ ഉണ്ണീന്‍ കുട്ടി മൗലവിയുടെ ചിത്രമുള്ള ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടു. സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ പെരുവെമ്പ് ശാഖ പെരുവെമ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം മൗലവി നിര്‍വഹിക്കുന്ന ചിത്രവും വാര്‍ത്തയുമാണ് ഉള്ളടക്കം. ഒപ്പം ഇടക്കാല ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ച ടി പി അബ്ദുല്ലക്കോയ മദനിയുടെ അറിയിപ്പ് വാര്‍ത്തയുമുണ്ട്. ഇത് പങ്ക് വെക്കുന്ന ആശയം ആര്‍ക്കും വ്യക്തം. പലിശ ഇടപാടുകള്‍ നടത്തുന്ന ബേങ്ക് ഉദ്ഘാടനത്തിന് പോകുന്ന ഒരാളെ ഒരു ‘ഇസ്‌ലാമിക സംഘടന’യുടെ ജനറല്‍ സെക്രട്ടറിയാക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുകയാണ് ആ പോസ്റ്റ്.
ഇനിയല്‍പ്പം ചരിത്രം. 1978ല്‍ എസ് കെ പൊറ്റക്കാട് എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനായി പുറത്തുവന്ന ‘മുഹമ്മദ് അബ്ദുര്‍റഹ്മാന്‍’ എന്ന പുസ്തകത്തില്‍ ഇങ്ങനെ വായിക്കാം: ‘ഐക്യ സംഘത്തിലെ ഉത്സാഹശാലികളായ ചില പ്രവര്‍ത്തകര്‍ എറണാകുളത്ത് ഒരു മുസ്‌ലിം ബേങ്ക് സ്ഥാപിച്ചു. കെ എം സീതിയാണ് ഇതിന് മുന്‍കൈയെടുത്തത്. പലിശ മുസ്‌ലിംകള്‍ക്ക് നിഷിദ്ധമാണല്ലോ. അതിനാല്‍ ബേങ്കിംഗ് പലിശയില്‍ ഉള്‍പ്പെടുകയില്ലെന്ന് ഒരു മതവ്യാഖ്യാനവും കണ്ടുപടിച്ചു. അത് ചെയ്തത് കെ എം മൗലവി ആയിരുന്നു. ഇതിന് ‘ഹീലത്തുര്‍രിബ’ എന്ന് പേരിടുകയും ചെയ്തു. ഇതോടെ അബ്ദുര്‍ഹ്മാനും സംഘവും തമ്മില്‍ അഭിപ്രായഭേദമുണ്ടായി. അത് രൂക്ഷം പ്രാപിച്ചു. അല്‍ അമീനില്‍ ‘ഹീലത്തുര്‍രിബ’ വിമര്‍ശിച്ചുകൊണ്ട് നിരവധി ലേഖനങ്ങളും മുഖക്കുറിപ്പുകളും വന്നു…. ബേങ്ക് പ്രവര്‍ത്തനം നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായി. ബേങ്ക് പ്രവര്‍ത്തനം മാത്രമല്ല നിര്‍ത്തേണ്ടിവന്നത്. ഐക്യ സംഘം തന്നെ നിര്‍ത്തേണ്ടിവന്നു. (പേജ് 266)
വിചിത്രമായ കൗശലമാണ് പലിശയെ ഹലാലാക്കാന്‍ കെ എം മൗലവി കണ്ടെത്തിയത്: ‘ഒരു മുസ്‌ലിം ബേങ്ക് സ്ഥാപിക്കുക. അതില്‍ നിന്ന് കടം വാങ്ങുന്ന ഓരോരുത്തരും ഒരു ക്ലിപ്ത സംഖ്യ നേര്‍ച്ചയാക്കുക. അങ്ങനെ വരുമ്പോള്‍ കടക്കാരില്‍ നിന്ന് ബേങ്കിലേക്ക് കിട്ടുന്ന ആദായം പലിശയാകില്ല. ഇത് ഹീലത്തുര്‍രിബയാണെന്നുള്ള ഒരു സംഗതി മാത്രമേ പറയുവാനുള്ളൂ. (രിസാലത്തുന്‍ ഫില്‍ ബങ്കി).
‘രിസാലത്തുന്‍ ഫില്‍ ബങ്കി’ എന്ന പുസ്തകത്തിനും അതിലെ ആശയങ്ങള്‍ക്കും അനുകൂലമായി കെ എം സീതി സാഹിബ് ‘ഐക്യം’ മാസികയില്‍ ലേഖനമെഴുതി. എന്നാല്‍, ഹീലത്തുര്‍രിബയെ എതിര്‍ത്തുകൊണ്ട് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് അല്‍ അമീനില്‍ നിരവധി കുറിപ്പുകള്‍ വന്നു. കെ എം മൗലവിയുടെ സ്യാലനായ എം സി സി അബ്ദര്‍റഹ്മാന്‍ മൗലവിയെക്കൊണ്ട് ലേഖനമെഴുതിച്ചാണ് സാഹിബ് തിരിച്ചടിച്ചത്.
കോണ്‍ഗ്രസ് നേതാവായിരുന്ന ഇ മൊയ്തു മൗലവി ഈ അനുഭവം വിവരിക്കുന്നതിങ്ങനെ: ”ഐക്യ സംഘക്കാര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ നിന്നകന്ന് നിന്നിരുന്നുവെങ്കിലും മുസ്‌ലിംകളുടെ സാമ്പത്തിക സ്ഥിതി നന്നാക്കിത്തീര്‍ക്കേണ്ടതിനെ പറ്റി അവര്‍ ഗാഢമായി ആലോചിച്ചു. ഒരു ബേങ്ക് സ്ഥാപിച്ച് പലിശ ഏര്‍പ്പാട് നടത്തുന്നത് മതദൃഷ്ട്യാ അനുവദനീയമാണോ എന്ന് കണ്ടുപിടിക്കാന്‍ ജനാബ് കെ എം മൗലവി(തിരൂരങ്ങാടി) മുതലായ ചില പണ്ഡിതന്മാരെ ഭാരമേല്‍പ്പിച്ചു. അവര്‍ ‘രിസാലത്തുന്‍ ഫില്‍ ബങ്കി’ എന്ന പേരില്‍ അറബി മലയാളത്തില്‍ ഒരു പുസ്തകമെഴുതി പ്രസിദ്ധപ്പെടുത്തി. ആ ചെറു ഗ്രന്ഥവും അതിനെ അനുകൂലിച്ച് സീതി സാഹിബ് തന്റെ പത്രാധിപത്യത്തില്‍ നടത്തിയിരുന്ന ‘ഐക്യം’ പത്രത്തില്‍ എഴുതിയ മുഖ ലേഖനങ്ങളും ബേങ്ക് സ്ഥാപന വേളയിലും മറ്റും ചെയ്ത പ്രസംഗങ്ങളും വലിയ ഒച്ചപ്പാടുകളും കോലാഹലങ്ങളും ഉണ്ടാക്കിത്തീര്‍ത്തു. (എന്റെ കൂട്ടുകാരന്‍- ഇ മൊയ്തു മൗലവി പേജ്. 199)
ബേങ്ക് സംരംഭം പൊളിച്ച അബ്ദുര്‍റഹ്മാന്‍ സാഹിബിനോട് മരണം വരെ അരിശമായിരുന്നത്രേ കെ എം സീതി സാഹിബിന്. എം റഷീദ് എഴുതി: തന്റെ അടുത്ത ബന്ധുവും ബാല്യ കാല ചങ്ങാതിയുമായ മുഹമ്മദ് അബ്ദുര്‍റഹ്മാനോട് കഠിന ശത്രുവിനോടെന്ന പോലെയാണ് പിന്നീടദ്ദേഹം പെരുമാറിയത്. അബ്ദുര്‍റഹ്മാനെ എതിര്‍ക്കാന്‍ ലഭിച്ച ഒരു സന്ദര്‍ഭവും മരണം വരെ സീതി സാഹിബ് ഒഴിവാക്കിയില്ല. (മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്- പേജ് 72)
മുജാഹിദ് പ്രസ്ഥാനത്തിന്റെ പൂര്‍വ രൂപമാണ് മുസ്‌ലിം ഐക്യ സംഘം എന്ന് ജ്ഞാനികള്‍ സിദ്ധാന്തിക്കുന്നു. ഇനി പറയൂ, ടി പി അബ്ദുല്ലക്കോയ മദനിക്ക് ഇടക്കാല ജനറല്‍ സെക്രട്ടറിയെ നിയമിച്ചതില്‍ തെറ്റ് പറ്റിയിട്ടുണ്ടോ? അതംഗീകരിച്ച് സ്ഥിരം ജനറല്‍ സെക്രട്ടറിയാക്കിയ കെ എന്‍ എം സംസ്ഥാന കൗണ്‍സിലിന് തെറ്റിയിട്ടുണ്ടോ? ഇല്ലേ, ഇല്ല.