Connect with us

Ongoing News

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ ഉപസമിതി ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാന്‍ യു ഡി എഫ് ഉപസമിതി ശിപാര്‍ശ ചെയ്തു. നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെ കുറിച്ചുള്ള ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ഈ മാസം 20ന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായും പി പി തങ്കച്ചന്‍ അറിയിച്ചു. നെല്‍വയല്‍ സംരക്ഷണ നിയമത്തിലെ അപാകങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിക്കുക.
ആദ്യ കാലങ്ങളില്‍ നിലമായിരിക്കുകയും ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരയിടങ്ങളായി മാറിയ സ്ഥലങ്ങള്‍ ഇപ്പോഴും രേഖകളില്‍ (ബി ടി ആര്‍ റജിസ്റ്റര്‍) നിലമായി കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ വീട് പണിയാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതുമൂലം ഒട്ടേറെ കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം പഠിക്കാന്‍ യു ഡി എഫ് ഉപസമിതിയെ നിയോഗിച്ചത്. ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം എടുക്കുന്നത് യു ഡി എഫ് യോഗമായിരിക്കും. യു ഡി എഫ് യോഗത്തിന് ശേഷം മുന്നണി നിര്‍ദേശിക്കുകയാണെങ്കില്‍ മാത്രമേ മറ്റു വിഷയങ്ങള്‍ ഉപസമിതി പരിശോധിക്കുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ മറ്റു വിഷയങ്ങള്‍ പരിശോധിക്കന്നതിനും തീരുമാനങ്ങളെടുക്കുന്നതിന് സമിതിക്ക് അധികാരം ഇല്ലെന്നും തങ്കച്ചന്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, അംഗങ്ങളായ പി സി ജോര്‍ജ്, എന്‍ കെ പ്രേമചന്ദ്രന്‍, കെ പി എ മജീദ്, ആര്‍ ബാലകൃഷണപിള്ള, ജോണി നെല്ലൂര്‍, ജോയി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
അതിനിടെ, സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നും ലഭ്യമായ ഭൂമി ഉപയോഗിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ധാരണയായി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ധാരണയിലെത്തിയത്. ബി ഒ ടി അടിസ്ഥാനത്തില്‍ 30 മീറ്റര്‍ വീതിയില്‍ ദേശീയപാതാ വികസനം നടത്തണമെന്ന അഭിപ്രായമാണ് യോഗത്തില്‍ പൊതുവെ ഉയര്‍ന്നത്. യു ഡി എഫില്‍ ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് ധാരണ. ഒരു കിലോമീറ്ററിന് 12 കോടി രൂപ എന്ന ക്രമത്തില്‍ 260 കിലോമീറ്റര്‍ റോഡായിരിക്കും ആദ്യഘട്ടത്തില്‍ വികസിപ്പിക്കുക.
30 മീറ്റര്‍ വീതിയില്‍ ആറ് വരിപ്പാതയായി നടപ്പിലാക്കുന്ന പദ്ധതിയില്‍ റോഡിന്റെ മീഡിയന്‍ ആയി മൂന്ന് മീറ്റര്‍ നിശ്ചയിക്കും. രണ്ടര മീറ്റര്‍ വീതം ഇരുവശങ്ങളിലും നടപ്പാതക്കായും നീക്കിവെക്കും. കഴക്കൂട്ടം മുതല്‍ ചേര്‍ത്തല വരെയുള്ള 169 കിലോമീറ്റര്‍ ദൂരം 30 മീറ്ററില്‍ വികസിപ്പിക്കാന്‍ നിലവില്‍ സംവിധാനമുണ്ട്.
ദേശീയപാതാ വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ പുതിയ നയ രൂപവത്കരണത്തിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് അറിയിച്ചു. യു ഡി എഫ് വിഷയം ചര്‍ച്ച ചെയ്ത ശേഷമാകും സര്‍വകക്ഷി യോഗം.

 

Latest