Connect with us

Ongoing News

അറബി ഭാഷക്കെതിരായ സംഘടിത നീക്കം ചെറുക്കണമെന്ന് ദേശീയ സെമിനാര്‍

Published

|

Last Updated

തിരുവനന്തപുരം: അറബി ഭാഷക്കെതിരായ സംഘടിത നീക്കം ചെറുക്കണമെന്ന് ഖുര്‍ആന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ അറബിക് സെമിനാര്‍ ആവശ്യപ്പെട്ടു. അറബിയെ ഒരു മതത്തിന്റെ ഭാഷയായി ചുരുട്ടികെട്ടുന്നത് ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.
അറബി പദങ്ങളെ ഹിന്ദുസ്ഥാനി ഭാഷയില്‍ നിന്ന് എടുത്തുമാറ്റാനുള്ള സംഘടിതമായ ശ്രമം നടന്നുവരുന്നുണ്ട്. രാഷ്ട്രീയാതീതമായ കൂട്ടുകെട്ടാണ് ഇതിനായി രംഗത്തുള്ളത്. പ്രത്യേക സര്‍വകലാശാലയുണ്ടാക്കി സംസ്‌കൃത ഭാഷയെ ആദരിച്ച നാട്ടില്‍ അറബി സര്‍വകലാശാല വരുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. ചരിത്രപരമായ ആവശ്യകതയാണ് അറബി പഠനത്തിനായുള്ള സര്‍വകലാശാല. ഇന്ത്യയില്‍ സാംസ്‌കാരിക ഐക്യത്തിന്റെ ഭാഷയാണ് അറബിയെന്നും അദ്ദേഹം പറഞ്ഞു.
കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സൗത്ത്‌സോണ്‍ ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, മുസ്‌ലിം ലീഗ് ജില്ലാപ്രസിഡന്റ് ബീമാപള്ളി റഷീദ്, എം എസ് ഫൈസല്‍ഖാന്‍, പാളയം ഇമാം മുഹമ്മദ് യൂസഫ് നദ്‌വി, ഇ എം നജീബ്, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, എം എസ് മൗലവി, മുഹമ്മദ് കുഞ്ഞ് മേത്തര്‍, എം എ സമദ് കൊല്ലം, ഖമറുദ്ദീന്‍ ഹാജി, ഡോ. നിസാറുദ്ദീന്‍ സംസാരിച്ചു.

Latest