വിദ്വേഷം വിളമ്പി വീണ്ടും ഗിരിരാജ്

Posted on: May 15, 2014 12:01 am | Last updated: May 14, 2014 at 11:55 pm

ബൊകാറോ: വിവാദ പ്രസ്താവനകള്‍ക്ക് അവധി നല്‍കാതെ വീണ്ടും ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് രംഗത്ത്. പാക് അനുകൂലികള്‍ക്കും മോദിവിരുദ്ധര്‍ക്കും ഇന്ത്യയില്‍ ഇടം നല്‍കില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് എന്തുകൊണ്ടാണ് എല്ലാ തീവ്രവാദികളും ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാകുന്നതെന്നാണ് ഗിരിരാജ് പറഞ്ഞിരിക്കുന്നത്.

ഭീകര പ്രവര്‍ത്തനം ഒരു സമുദായത്തെയല്ല രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു സമുദായത്തില്‍പ്പെട്ടവരെല്ലാം തീവ്രവാദികള്‍ എന്നല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍, ഭീകര പ്രവര്‍ത്തനങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവല്ലാം ഒരു സമുദായത്തില്‍ നിന്നുള്ളവരാണെന്നത് സത്യമല്ലേ? അത് കണ്ടിട്ടും എന്തുകൊണ്ടാണ് മതേതരരെന്ന് പറയുന്ന നേതാക്കള്‍ മിണ്ടാതിരിക്കുന്നതെന്നും ഗിരിരാജ് സിംഗ് ചോദ്യമുന്നയിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, മോദിയെ അംഗീകരിക്കാത്തവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന് പ്രസംഗിച്ചതിന് ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഗിരിരാജ് സിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കൂടാതെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ബീഹാറിലെ നവാഡ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നയാളാണ് ഗിരിരാജ് സിംഗ്.