Connect with us

Ongoing News

എക്‌സിറ്റ് പോളുകള്‍ ആസ്വദിക്കുന്ന ബി ജെ പി രാജ്യസഭയെ ഓര്‍ത്ത് ഞെട്ടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളെ സംഗീതം പോലെ ആസ്വദിക്കുന്ന ബി ജെ പിക്ക് രാജ്യസഭയെക്കുറിച്ച് ആലോചിക്കുമ്പോള്‍ എല്ലാ ആവേശവും നിലക്കുന്നു. ലോക്‌സഭയില്‍ എന്‍ ഡി എക്ക് കേവല ഭൂരിപക്ഷം കിട്ടിയാലും രാജ്യസഭയിലെ അംഗ ബലമില്ലായ്മ സഖ്യത്തിന് വലിയ തലവേദനയാകും. പ്രധാന നിയമനിര്‍മാണ ങ്ങള്‍ക്കെല്ലാം പ്രതിപക്ഷത്തിന്റെ സഹായം അനിവാര്യമായ ഗതികേടിലാകും ബി ജെ പി.
240 ആണ് രാജ്യസഭയിലെ ഇപ്പോഴത്തെ അംഗബലം(അഞ്ച് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു). ഇതില്‍ എന്‍ ഡി എയുടെ അംഗബലം 64 മാത്രമാണ്. 121 എന്ന അനിവാര്യ ഭൂരിപക്ഷത്തിലെത്താന്‍ ഏറെ മുന്നോട്ട് പോകണമെന്നര്‍ഥം. രാജ്യസഭയില്‍ അടുത്ത് വരാനിരിക്കുന്ന ഒഴിവുകള്‍ 12 ആണ്. ഇതില്‍ ഏഴെണ്ണം ഉത്തര്‍പ്രദേശില്‍ നിന്നും രണ്ടെണ്ണം കര്‍ണാടകയില്‍ നിന്നും ഉത്തരാഖണ്ഡ്, മിസോറാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഒന്നു വീതവുമാണ്. ഈ സീറ്റുകളില്‍ ജയിച്ചു വരിക എന്‍ ഡി എ കക്ഷികള്‍ക്ക് ഇന്നത്തെ നിലക്ക് സാധ്യമല്ല. ഇനി അഥവാ ഇവ മുഴുവന്‍ ജയിച്ചുവെന്ന് തന്നെ ഇരിക്കട്ടെ. എന്നാലും ഭൂരുപക്ഷത്തിലെത്താന്‍ പോകുന്നില്ല.
പ്രധാനപ്പെട്ട ഓരോ നിയമനിര്‍മാണം നടക്കുമ്പോഴും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ജയലളിതയുടെ എ ഐ ഡി എം കെ തുടങ്ങിയ കക്ഷികളുടെ സഹായം തേടേണ്ടി വരും. അപ്പോഴൊക്കെ എന്തൊക്കെ സൗജന്യങ്ങളാണ് ചോദിക്കാന്‍ പോകുകയെന്നത് പ്രവചനാതീതമാണ്. എ ഐ ഡി എം കെക്ക് രാജ്യസഭയില്‍ 10 അംഗങ്ങളുണ്ട്. തൃണമൂലിനാകട്ടെ 12 അംഗങ്ങളും. ബി എസ് പിക്ക് 14, എസ് പിക്ക് ഒന്‍പത്, ബി ജെ ഡിക്ക് ആറ്, സി പി എമ്മിന് ഒന്‍പത്, സി പി ഐക്ക് രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ അംഗബലം. പക്ഷേ ഇതില്‍ പകുതി പാര്‍ട്ടികളും എന്‍ ഡി എയോട് സഹകരിക്കില്ലെന്ന് ഉറപ്പാണ്.
മന്‍മോഹന്‍ സിംഗ് മന്ത്രിസഭക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും രാജ്യസഭയില്‍ ആവശ്യത്തിന് ശക്തിയില്ലാത്തതിനാല്‍ നിയമനിര്‍മാണത്തിന് കടുത്ത പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു.

 

Latest