Connect with us

National

ഹൈദരാബാദില്‍ സാമുദായിക സംഘര്‍ഷം: മൂന്ന് മരണം

Published

|

Last Updated

ഹൈദരാബാദ്: സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കലാപത്തിലും തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പിലും മൂന്ന് പേര്‍ മരിച്ചു. പഴയ ഹൈദരാബാദ് നഗരത്തിന് സമീപം ബഹദൂര്‍പുരയിലെ ഒരു സിഖ് ആരാധനാലയത്തില്‍ ഉയര്‍ത്തിയ മതപരമായ പതാക ബുധനാഴ്ച അക്രമികള്‍ തീവെച്ച് നശിപ്പിച്ചതാണ് കുഴപ്പങ്ങള്‍ക്ക് വഴിവെച്ചത്. രാജേന്ദ്രനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
പതാക കത്തിച്ചതിനോടനുബന്ധിച്ച് സാമുദായിക സംഘര്‍ഷം രൂക്ഷമായി. രോഷാകുലരായ ഒരു സംഘമാളുകള്‍ പതാക കത്തിച്ചവരെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ആക്രമിച്ചു. ഈ പ്രദേശത്ത് ചില ഭാഗങ്ങളില്‍ ഏതാനും വീടുകള്‍ക്ക് തീവെച്ചിട്ടുമുണ്ട്. അക്രമം ഒതുക്കാന്‍ കഴിയാതെവന്നപ്പോള്‍ സൈബരാബാദ് പോലീസ് കമ്മീഷണര്‍ സി വി ആനന്ദും ഹൈദരാബാദ് പോലീസിന്റെ വന്‍ സംഘവും സ്ഥലത്തെത്തി.
കിഷന്‍ബാഗിന് സമീപം അക്രമികള്‍ അഴിഞ്ഞാടുകയും പോലീസിന് നേരെ കല്ലേറുണ്ടാകുകയും ചെയ്തപ്പോഴാണ് പോലീസ് വെടിവെച്ചത്. ചുരുങ്ങിയത് പത്ത് സ്വകാര്യ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. സൈബരാബാദ് പോലീസിന്റെ വീഡിയോ ക്യാമറ ഘടിപ്പിച്ച വാഹനവും കത്തിച്ച്കളഞ്ഞു. സ്ഥിതിഗതികള്‍ സംഘര്‍ഷ ഭരിതമെങ്കിലും നിയന്ത്രണവിധേയമാണെന്ന് പോലീസ് അധികാരികള്‍ അറിയിച്ചു. പഴയ നഗരത്തില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Latest