Connect with us

Ongoing News

ഹരിഹര വര്‍മ സുകുമാരക്കുറുപ്പോ? അന്വേഷണത്തിന് പ്രത്യേക സംഘം

Published

|

Last Updated

തിരുവനന്തപുരം: കൊല്ലപ്പെട്ട രത്‌ന വ്യാപാരി ഹരിഹര വര്‍മ ആരെന്നു കണ്ടെത്താന്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണോ ഹരിഹര വര്‍മയെന്ന സംശയത്തിലൂന്നിയാകും അന്വേഷണം നടത്തുക. സംശയം അകറ്റുന്നതിന് ഡി എന്‍ എ പരിശോധന അടക്കമുള്ള രീതികള്‍ പരീക്ഷിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളെയാകും പരിശോധന നടത്തുക. ഇവര്‍ക്ക് വര്‍മയുടെ ഡി എന്‍ എയുമായി സാമ്യമുണ്ടോ എന്നാകും പരിശോധിക്കുന്നത്. കൊല്ലപ്പെട്ട രത്‌നവ്യാപാരി ഹരിഹരവര്‍മയുടെ കൊലപാതകികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടും ഹരിഹരവര്‍മ ആരാണെന്നു സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

വര്‍മയുടെ രക്തബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡി എന്‍ എ പരിശോധന നടത്തുന്നതിനെ കുറിച്ച് പോലീസ് ആലോചിക്കുന്നത്. ഈ പരിശോധന നടത്തുന്നതിന് സാങ്കേതികമായി ചില ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഇത് മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 1984 ജനുവരിയില്‍ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ വധത്തിന് പിന്നാലെ ഒളിവില്‍പോയ സുകുമാര കുറുപ്പിനെ കണ്ടെത്താന്‍ കഴിയാത്തത് സംസ്ഥാന പോലീസിന് എക്കാലത്തെയും നാണക്കേടില്‍ ഒന്നായിരുന്നു. അതിന് പിന്നാലെയാണ് ഹരിഹരവര്‍മ ആരാണെന്ന് കണ്ടെത്താന്‍ കഴിയാതെ വരുന്നത്. ഇക്കാര്യത്തില്‍ കോടതി കഴിഞ്ഞ ദിവസം പോലീസിനെ വിമര്‍ശിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് പോലീസിന്റെ പുതിയ നീക്കം.
രേഖകള്‍ പരിശോധിച്ച പോലീസിന് വര്‍മയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. അന്വേഷണവുമായി മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെത്തിയപ്പോഴാണ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസ്സിലായത്. വര്‍മയുടെ പാസ്‌പോര്‍ട്ടിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണവും പരാജയമായിരുന്നു. കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍വരുന്നതിന് മുമ്പാണ് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് വര്‍മ പാസ്‌പോര്‍ട്ട് എടുത്തത്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകാതെ വര്‍മയുടെ ഭൂതകാലം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.
പാലക്കാട്ടും തിരുവനന്തപുരത്തുമായി രണ്ട് ഭാര്യമാരാണ് ഇയാള്‍ക്കുള്ളത്. ഇരുവര്‍ക്കും താമസിക്കാന്‍ കോടികള്‍ വിലമതിക്കുന്ന വീടുകളുമുണ്ട്, ഉന്നത റിയല്‍ എസ്‌റ്റേറ്റ് മാഫിയയിലെ കണ്ണിയായ ഇയാള്‍ക്ക് കണ്ണായ സ്ഥലങ്ങളില്‍ കോടികള്‍ വിലയുള്ള വസ്തുക്കളും വിലപിടിപ്പുള്ള രത്‌നങ്ങളുമുണ്ടായിരുന്നു. വര്‍മയുടെതെന്ന് കരുതിയ എല്ലാ തിരിച്ചറിയല്‍ രേഖകളും അന്വേഷണത്തില്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പൂഞ്ഞാര്‍ രാജകുടുംബാംഗമാണെന്നും അച്ഛന്റെ പേര് ഭാസ്‌കര വര്‍മയെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. പോലീസ് അന്വേഷണത്തില്‍ മാവേലിക്കര കോവിലകത്തിന്റെ കീഴിലോ പൂഞ്ഞാര്‍ രാജകുടുംബത്തിലോ ഭാസ്‌കരവര്‍മയോ ഹരിഹരവര്‍മയോ ഇല്ലെന്ന് കണ്ടെത്തി. ഈ വ്യാജവിലാസം ഉപയോഗിച്ചാണ് കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ് ക്ലബ്ബിനടുത്തെ വ്യാജവിലാസത്തില്‍ വര്‍മ പാസ്‌പോര്‍ട്ട് എടുത്തിരുന്നത്. ഇതേ വ്യാജവിലാസം ഉപയോഗിച്ചു തന്നെയാണ് പാലക്കാട്ടുനിന്ന് ഗിരിജാമേനോനെയും തിരുവനന്തപുരത്ത് സെയില്‍ടാക്‌സിലെ ഉന്നത ഉദ്യോഗസ്ഥയായ വിമലാദേവിയെയും വിവാഹം കഴിച്ചത്.
ഹരിഹര വര്‍മയുടെ വ്യക്തമായ ചിത്രമുണ്ടായിട്ടും ഇയാളെത്തേടി രണ്ട് ഭാര്യമാരല്ലാതെ മറ്റ് ബന്ധുക്കളാരും എത്തിയിരുന്നില്ല. സുകുമാരക്കുറുപ്പിന്റെ ജന്മസ്ഥലം മാവേലിക്കരക്ക് സമീപം ചെറിയനാട് ആണ്. വര്‍മ പരിചയപ്പെടുന്ന മിക്കവരോടും മാവേലിക്കര കൊട്ടാരത്തിലെ അംഗമെന്ന് പരിചയപ്പെടുത്താറുണ്ട്. ഇതും സുകുമാരക്കുറുപ്പുമായി ഇയാളെ ബന്ധപ്പെടുത്താന്‍ പോലീസിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
ഹരിഹരവര്‍മ കൊലക്കേസിലെ അഞ്ച് പ്രതികള്‍ക്കും തിരുവനന്തപുരം അതിവേഗ കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചിരുന്നു. പ്രതികളായ തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം ജിതേഷ് (33), കുറ്റിയാടി കോവുമ്മാള്‍ ഹൗസില്‍ അജീഷ് (27), തലശ്ശേരി നിര്‍മലഗിരി കൈതേരി സൂര്യഭവനില്‍ രഖില്‍ (24), ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രാഗേഷ് (21), കുടക് സിദ്ധാപൂരില്‍ നെല്ലതിക്കേരി കോട്ടക്കല്‍ ഹൗസില്‍ ജോസഫ് (20) എന്നിവര്‍ക്കാണ് കോടതി ചൊവ്വാഴ്ച ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ ഓരോ പ്രതിയില്‍ നിന്നും വിവിധ കുറ്റങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം പിഴ ഈടാക്കാനും വിധിച്ചിരുന്നു.