മലപ്പുറം കോര്‍പ്പറേഷനാക്കാന്‍ യു ഡി എഫ് ശിപാര്‍ശ

Posted on: May 15, 2014 12:45 am | Last updated: May 14, 2014 at 11:45 pm

തിരുവനന്തപുരം: മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി മുനിസിപ്പാലിറ്റികളും സമീപ പഞ്ചായത്തുകളും ചേര്‍ത്ത് മലപ്പുറം കോര്‍പ്പറേഷന്‍ രൂപവത്കരിക്കാന്‍ യു ഡി എഫ് ഉപസമിതി. സാമ്പത്തികഭദ്രതയുള്ള പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി ആയി ഉയര്‍ത്തണമെന്നും 40,000 ത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ വിഭജിക്കണമെന്നും ഉപസമിതി ആവശ്യപ്പെട്ടു. ഓരോ വാര്‍ഡിലെയും ജനസംഖ്യ അടിസ്ഥാനമാക്കി 1000 വോട്ടര്‍മാര്‍ക്ക് ഒരു വാര്‍ഡ് എന്ന നിര്‍ദേശം സര്‍ക്കാറിന്റെ പരിഗണനക്ക് വിട്ടു. 40,000ന് മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ വിഭജിച്ച് വാര്‍ഡുകളുടെ എണ്ണം 25 ആയി ഉയര്‍ത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കൃത്രിമത്വം ഒഴിവാക്കാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും വോട്ടിംഗ് യന്ത്രവും ഉപയോഗിക്കണമെന്ന് യു ഡി എഫ് ഉപസമിതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളായ എസ് എസ് എല്‍ സി ബുക്ക്, പാസ്‌പോര്‍ട്ട്, അംഗീകൃത ബേങ്കുകളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ് തുടങ്ങിയവയാണ് തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാവുന്ന രേഖകള്‍.

വോട്ടിംഗ് യന്ത്രങ്ങളുടെ കുറവും പുതിയവ വാങ്ങുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടുമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവ ഉപയോഗിക്കുന്നതിലെ പ്രധാന വെല്ലുവിളി. പുതിയ വോട്ടിംഗ് യന്ത്രങ്ങളുടെ നിര്‍മാണ ചെലവ് 100 കോടിയോളം വരുമെന്നതിനാല്‍ ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിക്കണം. യോഗത്തില്‍ മന്ത്രിമാരായ എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, അംഗങ്ങളായ പി സി ജോര്‍ജ്, എന്‍ കെ പ്രേമചന്ദ്രന്‍, കെ പി എ മജീദ്, ആര്‍ ബാലകൃഷണപിള്ള, ജോണി നെല്ലൂര്‍, ജോയി എ്രബഹാം പങ്കെടുത്തു.