Connect with us

Gulf

മൊഗ്രാലിന്റെ ഖ്യാതി മറു ദേശങ്ങളിലെത്തിച്ച് അശ്‌റഫ്‌

Published

|

Last Updated

ദുബൈയില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശി അശ്‌റഫ്, സ്വന്തം നാടിന്റെ പേരില്‍ വിപണിയില്‍ എത്തിക്കുന്ന ജീന്‍സുകളും ടീഷര്‍ട്ടുകളും സ്‌പോര്‍ട്‌സ് വിയറുകളും ആഫ്രിക്കയിലും മറ്റും യുവതീയുവാക്കളുടെ ഹൃദയം കീഴടക്കുകയാണ്. “മൊഗ്രാല്‍ ജീന്‍സ്” എന്ന ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ ഗള്‍ഫ് നാടുകളിലെന്നപോലെ നൈജീരിയ, അംഗോള തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും വന്‍തോതില്‍ വിറ്റഴിയുന്നു.
ദേര നൈഫ് റോഡിലാണ് മൊഗ്രാല്‍ ജീന്‍സ് വ്യാപാര സ്ഥാപനം. ഏതാണ്ട് 20 വര്‍ഷം മുമ്പ് ഒരു ഇറാന്‍ സ്വദേശിയുമൊത്ത് തുടങ്ങിയതാണ്. ഇന്ത്യ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ രൂപകല്‍പന ചെയ്യുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് എന്ത് കൊണ്ട് സ്വന്തം നാടിന്റെ പേര് ചാര്‍ത്തിക്കൂടാ എന്ന ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് മൊഗ്രാല്‍ ജീന്‍സ്.
കാസര്‍കോട് ജില്ലയില്‍ മൊഗ്രാല്‍ അറിയപ്പെടുന്നത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ വഴിയും സബീനാ പാട്ടുകള്‍ വഴിയുമാണെങ്കില്‍ ദുബൈയില്‍ അറിയപ്പെടുന്നത്, മൊഗ്രാല്‍ ജീന്‍സ് വഴി. കാസര്‍കോട്ടെ അറിയപ്പെടുന്ന ഫുട്‌ബോള്‍ ഗ്രാമമായ മൊഗ്രാലിന്റെ പേരില്‍ ഫുട്‌ബോള്‍ ജഴ്‌സികള്‍ ആഫ്രിക്കന്‍ നാടുകളിലെത്തുമ്പോള്‍ അശ്‌റഫിന് അത് ഏറെ സന്തോഷം നല്‍കുന്നു.
സിനിമാ നടന്മാരും ടെലിവിഷന്‍ താരങ്ങളും മൊഗ്രാല്‍ ജീന്‍സിനുവേണ്ടി ദുബൈയില്‍ എത്താറുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ “മൊഗ്രാല്‍” വസ്ത്രങ്ങളണിഞ്ഞ് താരങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അശ്‌റഫിനു മാത്രമല്ല, അഭിമാനം. ഒരു നാടിനാകമാനമാണ്.

Latest