വേലക്കാരിയെ പീഡിപ്പിച്ചു കൊന്ന സ്ത്രീക്ക് 15 വര്‍ഷം തടവ്‌

Posted on: May 14, 2014 7:43 pm | Last updated: May 14, 2014 at 7:43 pm

rapeദുബൈ: വീട്ടുവേലക്കാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതിയായ അറബ് വനിതക്ക് 15 വര്‍ഷം തടവ്. ദുബൈ സുപ്രീം കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
കുറ്റകൃത്യ നിര്‍വഹണത്തില്‍ സഹകരിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് മൂന്ന് വര്‍ഷം തടവിനും കോടതി വിധിച്ചിട്ടുണ്ട്. പ്രാഥമിക കോടതി 15 വര്‍ഷം തടവ് വിധിച്ചതിനെതിരെ പ്രതി അപ്പീല്‍ കോടതിയില്‍ പോയിരുന്നു. അപ്പീല്‍ കോടതി പ്രാഥമിക കോടതിയുടെ വിധി ആവര്‍ത്തിച്ചപ്പോള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്‌ക്കോടതികളുടെ വിധി ആവര്‍ത്തിച്ച സുപ്രീം കോടതി, മനുഷ്യത്വ രഹിതമായ പീഡനം നടത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു.
വീടിനുമുകളിലെ നിലയില്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിടുകയും ശാരീരിക പീഡനം നടത്തി മുറിവുകളുണ്ടാക്കുകയും ആവശ്യമായ ചികിത്സ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.
ഭക്ഷണം നല്‍കാതിരുന്നതിനു പുറമെ വേലക്കാരിയെ ക്ലോറെക്‌സും ഡെറ്റോളും ബലമായി കുടിപ്പിക്കുകയും ചെയ്തതായും പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.