Connect with us

Wayanad

ഹയര്‍ സെക്കന്‍ഡറിയില്‍ വയനാടിന് സംസ്ഥാനതലത്തില്‍ നാലാം സ്ഥാനം

Published

|

Last Updated

കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലക്ക് സംസ്ഥാനതലത്തില്‍ നാലാം സ്ഥാനം. 82.09 ശതമാനമാണ് വയനാടിന്റെ വിജയം. സംസ്ഥാന ശരാശരി 79.39 ശതമാനമാണ്.
സംസ്ഥാനതലത്തില്‍ വയനാടിന് നാലാം സ്ഥാനം ലഭിക്കുന്നത് ഇതാദ്യമായാണ്. എറണാകുളവും കോഴിക്കോടും കണ്ണൂരും കഴിഞ്ഞാല്‍ വയനാട്ടിനാണ് മികച്ച നേട്ടം.
കഴിഞ്ഞ വര്‍ഷം എച്ച് എസ് എസില്‍ വയനാടിന് ലഭിച്ചത് 81.92 ശതമാനമായിരകുന്നു. 50 സ്‌കൂളുകളിലായി പരീക്ഷയെഴുതിയ 7835 വിദ്യാര്‍ഥികളില്‍ 6432 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇതില്‍ 180 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡുണ്ട്. ഓപ്പണ്‍ സ്‌കൂളില്‍ 1992 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 703 പേരാണ് ഉപരിപഠനത്തിന് യോഗ്യരായത്. ഓപ്പണ്‍ സ്‌കൂള്‍ വിജയ ശതമാനം 35 ആണ്. ഇത്തവണത്തെ എസ് എസ് എല്‍ സി ഫലം പോലെ ജില്ലയിലെ ഗവ സ്‌കൂളുകള്‍ തിളക്കമാര്‍ന്ന വിജയമാണ് നേടിയിട്ടുള്ളത്. ആദിവാസികളിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നതും പ്രാക്തന ഗോത്ര വിഭാഗവുമായ കാട്ടുനായ്ക്ക കുട്ടികള്‍ക്കായുള്ള നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാത്രമാണ് നൂറ് മേനി വിജയം നേടിയത്.
ഇവിടെ പരീക്ഷയെഴുതിയ 32 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിലെ ഏറ്റവും മികച്ച ഹയര്‍ സെക്കന്‍ഡറിയെന്ന് പേരുള്ള മീനങ്ങാടി ഗവ എച്ച് എസ് എസില്‍ പരീക്ഷയെഴുതിയ അഞ്ച് വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും മുഴുവന്‍ സ്‌കോറും നേടി. ഇതില്‍ നാല് പേരും ഒന്നാം ക്ലാസ് മുതല്‍ മലയാളം മീഡിയത്തില്‍ പഠിച്ചെത്തിയവരാണെന്ന പ്രത്യേകതയും ഉണ്ട്. ഇവിടെ 38 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസും ലഭിച്ചിട്ടുണ്ട്.