Connect with us

International

പുതിയ ഉപരോധങ്ങള്‍ ഉക്രൈന്‍ പ്രതിസന്ധി വര്‍ധിപ്പിക്കുമെന്ന് റഷ്യ

Published

|

Last Updated

മോസ്‌കോ: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ ഉപരോധങ്ങള്‍ ഉക്രൈന്‍ സമാധാന പ്രക്രിയകളെ തകിടം മറിക്കുമെന്ന് റഷ്യ. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 25ന് മുമ്പ് രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കീവിനെ പ്രേരിപ്പിക്കണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി പടിഞ്ഞാറന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ പാര്‍ക്കുന്ന കിഴക്കന്‍ പ്രദേശത്തെ ഡൊണസ്തകിലെയും ലുഹാന്‍സ്‌കിലെയും സ്വയം ഭരണ ഹിതപരിശോധനാ ഫലങ്ങള്‍ ഉക്രൈനിലെ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴം കീവിന് ബോധ്യപ്പെടുത്താന്‍ പര്യാപ്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ കീവിന്റെ നിയന്ത്രണമുള്ള ഭരണാധികരികളുടെ മേല്‍ യൂറോപ്യന്‍ യൂനിയനും അമേരിക്കയും അവരുടെ സ്വാധീനം ശക്തമായി ചെലുത്തണം. അതിലൂടെ കീവിന്റെ നിലനില്‍പ്പും അവരുടെ പ്രദേശങ്ങളുടെ അവകാശങ്ങളും ചര്‍ച്ച ചെയ്യാനാകും. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മെയ് 25ന് മുമ്പ് ഇത് നടന്നിരിക്കണമെന്നാണ് തങ്ങളുടെ താത്പര്യമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് ക്രീമിയന്‍ കമ്പനികളുടെയും 13 ആളുകളുടെയും മേല്‍ ദിവസങ്ങള്‍ക്ക് മുമ്പ് യൂറോപ്യന്‍ യൂനിയന്‍ ഉപരോധം ചുമത്തിയിരുന്നു. ഉക്രൈനില്‍ നിന്ന് കരിങ്കടല്‍ ദ്വീപ് റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്തതിനും റഷ്യന്‍ ഭാഷ സംസാരിക്കുന്ന വിമതരെ പിന്തുണച്ചതിനുമായിരുന്നു യൂറോപ്യന്‍ യൂനിയന്റെ ഈ പുതിയ ഉപരോധം. ഇതിന് പുറമെ 48 റഷ്യക്കാരുടെയും ഉക്രൈനി സ്വദേശികളുടെയും മേല്‍ നേരത്തെ തന്നെ യൂറോപ്യന്‍ യൂനിയന്‍ വിസ നിരോധം ഉള്‍പ്പെടെയുള്ള നടപടികള്‍ ചുമത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂനിയന്റെ ഈ നടപടി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം അതിന്റെ ആഴം വര്‍ധിപ്പിക്കാനേ സഹായിക്കുകയുള്ളൂവെന്നും ഉക്രൈനില്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഒരുമിച്ച് മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest