നൈജീരിയന്‍ ആകാശത്ത് അമേരിക്ക

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 12:37 am

zeeഅബുജ(നൈജീരിയ): ബോകോ ഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തിരച്ചില്‍ ആരംഭിച്ചു. നൈജീരിയന്‍ സര്‍ക്കാറുമായി സഹകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. തീവ്രവാദികള്‍ തടവിലാക്കിയ 200 സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ചിത്രം പുറത്തുവന്നതിന് ശേഷമാണ് അമേരിക്ക തിരച്ചില്‍ ദൗത്യം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 14നാണ് വടക്കന്‍ ബോര്‍ണോയിലെ സ്‌കൂളില്‍ നിന്ന് ബോക്കോ ഹറാം തീവ്രവാദികള്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത്. തടവില്‍ കഴിയുന്ന തങ്ങളുടെ സഹപ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാണ് തീവ്രവാദികളുടെ ആവശ്യം.
നൈജീരിയന്‍ സര്‍ക്കാറിന്റെ അനുവാദത്തോടെയാണ് ഇപ്പോള്‍ നൈജീരിയയിലെ വിവിധ വ്യോമ മേഖലകളില്‍ അമേരിക്കന്‍ സേന തിരച്ചില്‍ നടത്തുന്നത്. എഫ് ബി ഐ, പ്രതിരോധ വകുപ്പ് എന്നിവയില്‍ നിന്നുള്ള 30 യു എസ് വിദഗ്ധര്‍ തിരച്ചിലില്‍ സഹായിക്കാന്‍ നൈജീരിയയിലെത്തിയിട്ടുണ്ട്. അതേസമയം ഏതു വിഭാഗത്തില്‍പ്പെട്ട വിമാനങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. നല്ല ഉയര്‍ന്ന നിലവാരത്തിലുള്ള മൊബൈല്‍ ഫോണ്‍ റേഞ്ച് സ്വീകരിക്കുന്നതും ആശയവിനിമയം നടത്താന്‍ കഴിയുന്നതുമായ വിമാനങ്ങളാണ് ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നാണ് സൂചന. ഡ്രോണ്‍ വിഭാഗത്തില്‍പ്പെട്ട വിമാനങ്ങള്‍ തിരച്ചിലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
പെണ്‍കുട്ടികളെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കാന്‍ ബോകോ ഹറാം തീവ്രവാദികള്‍ പുറത്തുവിട്ട ചിത്രം വിദഗ്ധര്‍ സൂക്ഷ്മമായി പരിശോധിച്ചതായി യു എസ് വിദേശകാര്യ വക്താവ് ജെന്‍ പാസ്‌കി പറഞ്ഞു. സാംബിസ വനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ചിത്രത്തിലുള്ളതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയ പ്രദേശത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തടവിലാക്കപ്പെട്ട തങ്ങളുടെ നേതാക്കളെ പുറത്തുവിട്ടാല്‍ മാത്രമേ പെണ്‍കുട്ടികളെ മോചിപ്പിക്കൂവെന്ന് ബോകോ ഹറാം തീവ്രവാദികള്‍ പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. ബുര്‍ഖ ധരിച്ചാണ് 136 വിദ്യാര്‍ഥിനികളും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇവരെയെല്ലാം മതംമാറ്റിയതായും തീവ്രവാദികള്‍ അവകാശപ്പെടുന്നു. തട്ടിക്കൊണ്ടുപോയവരില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളാണ്.
അതേസമയം, തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ വീണ്ടും ഉറപ്പ് നല്‍കി. തട്ടിക്കൊണ്ടുപോയ വാര്‍ത്ത പ്രചരിച്ചതോടെ ഈ നടപടിക്കെതിരെ ലോകവ്യാപകമായി ശക്തമായ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2009 മുതല്‍ നൈജീരിയന്‍ സര്‍ക്കാറിനെതിരെ ശക്തമായി രംഗത്തെത്തിയവരാണ് ബോകോ ഹറാം തീവ്രവാദികള്‍. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഹായത്തോടെയാണ് ഇപ്പോള്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.