പുതിയ ബാറുകള്‍ക്ക് ഇനി അനുമതി നല്‍കരുത്

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 12:25 am

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഒരു തദ്ദേശസ്വയംഭരണസ്ഥാപനവും മേലില്‍ ഒരു വിധത്തിലുമുള്ള മദ്യവില്‍പ്പനശാലക്കും അനുമതി നല്‍കരുതെന്ന നേരത്തേയുള്ള നിര്‍ദേശം കര്‍ശനമായും പാലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത്, മുനിസിപ്പല്‍ അധ്യക്ഷന്‍മാര്‍ക്ക് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ കത്ത്. സംസ്ഥാന തലത്തില്‍ മദ്യവര്‍ജനത്തിനുവേണ്ടി ഒരു മഹാപ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിനായി മുന്‍കൈയെടുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചു.

മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരിക, മദ്യലഭ്യത കുറക്കുക, മദ്യത്തിന്റെ ദോഷവശങ്ങളെപ്പറ്റി വ്യാപകമായ ബോധവത്കരണപരിപാടികള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ മദ്യവിരുദ്ധ മഹാപ്രസ്ഥാനത്തിന് കെ പി സി സി രൂപം നല്‍കും. പ്രകടനപത്രികയില്‍ വ്യാജമദ്യ മാഫിയകളെ കര്‍ശനമായി നിയന്ത്രിക്കുമെന്നും കുട്ടികളിലും യുവാക്കളിലും കൂടിക്കൊണ്ടിരിക്കുന്ന മദ്യം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ ഉപയോഗം നിര്‍മാര്‍ജനം ചെയ്യാന്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും ലഹരിക്ക് അടിമകളായവരുടെ ചികിത്സക്കും പനരധിവാസത്തിനും സംവിധാനം എര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ മദ്യം ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ഇന്ന് വളരെയേറെ കൂടിയിട്ടുണ്ട.് മദ്യത്തിന്റെ അമിതമായ ഉപഭോഗം മൂലം മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, കുടുംബത്തകര്‍ച്ചകള്‍, ലൈംഗികകുറ്റകൃത്യങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവാഹമോചനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തട്ടിപ്പുകള്‍, വാഹനാപകടങ്ങള്‍ എന്നിവയൊക്കെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭദ്രതയെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
ലഹരിയുടെ ഉപയോഗം ആരംഭിച്ച് അതിന് അടിമയായിക്കഴിഞ്ഞാല്‍ അത്തരക്കാരെ ലഹരിമുക്തിയിലേക്ക് മടക്കിക്കൊണ്ടുവരിക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് ലഹരി ഉപയോഗത്തിലേക്കു പുതിയതായി ആരും തന്നെ വഴുതിവീഴാതെ നോക്കുക എന്നതാണ് അഭിലഷണീയം.
മദ്യോപയോഗവും മദ്യലഭ്യതയും ക്രമേണ കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യം യാഥാര്‍ഥ്യമാകണമെങ്കില്‍ രാഷ്ട്രീയ കക്ഷികളും വിദ്യാര്‍ഥി, യുവജനപ്രസ്ഥാനങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളും സന്നദ്ധ സംഘടനകളും ആധ്യാത്മിക സംഘടനകളും മതസംഘടനകളും ത്രിതല പഞ്ചായത്ത്, നഗരസഭാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാരും ഉള്‍പ്പെട്ട അതിവിപുലമായ ഒരു ലഹരി വിരുദ്ധപ്രസ്ഥാനം രൂപവത്കരിക്കണം.
ഗ്രാമസഭ വാര്‍ഡ് കൗണ്‍സില്‍ തലം മുതല്‍ പ്രചാരണ,ബോധവത്കരണ പരിപാടികള്‍ ആരംഭിക്കണം. അത് പിന്നീട് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭാ, തലത്തിലും ഏകോപിപ്പിക്കണം. പാര്‍ട്ടിയുടെ മണ്ഡലം, ബ്ലോക്ക്, ജില്ലാ ഘടകങ്ങളുടെ നേതൃത്വത്തിലും ഇത്തരം പരിപാടികള്‍ നടപ്പാക്കേണ്ടതാണ്. ഗൃഹ സന്ദര്‍ശനങ്ങള്‍, കുടുംബ സദസ്സുകള്‍, സ്റ്റഡി ക്ലാസുകള്‍, ക്യാമ്പുകള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ ഇതിനായി നടത്താം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരെ ഈ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മദ്യാസക്തിയും മദ്യ ഉപയോഗവും എത്രത്തോളം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു എന്നതു സംബന്ധിച്ച് മൂന്ന് മാസം കൂടുമ്പോള്‍ റിപ്പോര്‍ട്ട് തയ്യാറാക്കണം. ലഹരി ഉപയോഗിക്കുന്നവരുടെ ചികിത്സ, പുനരധിവാസം എന്നീ കാര്യങ്ങള്‍ക്കും തുല്യപ്രധാന്യം നല്‍കേണ്ടതുണ്ട്.
ഇത്തരത്തില്‍, ലഹരി ഉപയോഗത്തിനെതിരെ ഒരു മഹാപ്രസ്ഥാനം കേരളത്തില്‍ രൂപം കൊള്ളുന്നതിലൂടെ മാത്രമേ ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന മഹാദുരന്തത്തില്‍ നിന്ന് നമുക്കു രക്ഷ നേടാനാകുകയുള്ളു. അതിനാല്‍ ഇത് ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തുകൊണ്ട്, മദ്യവര്‍ജനം പടിപടിയായി യാഥാര്‍ഥ്യമാക്കുന്നതിന് ഒറ്റക്കെട്ടായി യത്‌നിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.