ഓപറേഷന്‍ കുബേര: രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

Posted on: May 14, 2014 6:00 am | Last updated: May 14, 2014 at 12:24 am

ramesh chennithalaകോട്ടയം: ബ്ലേഡ് ഇടപാടുകള്‍ നടത്തുന്ന രാഷ്ട്രീയക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും കുറിച്ച് സര്‍ക്കാറിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഓപറേഷന്‍ കുബേരയില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലേഡുകാരെ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമം പര്യാപ്്തമാണ്. എന്നാല്‍ കര്‍ശനമായ നിയമനിര്‍മാണം സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്യും. സമാന്തര സാമ്പത്തിക മേഖലയായി വട്ടിപ്പലിശക്കാരെ തഴച്ചുവളരാന്‍ അനുവദിക്കില്ല. ബ്ലേഡുകാരെ ഇല്ലാതാക്കുന്നതുവഴി ചെറുകിട കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഉണ്ടാകുന്ന വായ്പാ പ്രശ്‌നം പരിഹരിക്കുന്നതിന് ലളിതമായ വായ്പ ലഭ്യമാക്കുന്നതു സംബന്ധിച്ച് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സഹകരണ സംഘങ്ങള്‍, ബേങ്കുകള്‍ വഴി വായ്പകള്‍ ഉദാരമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള നിയമവശം പര്യാപ്തമാണോ എന്ന് പരിശോധിക്കും. ഇതിനു വേണ്ടി നിയമ നിര്‍മാണം നടത്തും. തമിഴ്‌നാട്ടില്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പകള്‍ നല്‍കി വരുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ ഹോം സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബ്ലേഡ് ഇടപാടുകള്‍ നടത്തുന്ന പോലീസുകാരെ നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. രഹസ്യ പോലീസ്, ലോക്കല്‍ പോലീസിനു ലഭിക്കുന്ന പരാതി, ക്രൈം ഡിറ്റാച്ചുമെന്റ്കണ്ടെത്തല്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഓപറേഷന്‍ കുബേരയുടെ നടപടി. ഈ പദ്ധതി സ്ഥിരം സംവിധാനമാക്കും. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പിയെ അന്വേഷണത്തിന്റെ നോഡല്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തി.
ഒരു കാരണവശാലും അന്വേഷണങ്ങളില്‍ നിന്നു വമ്പന്‍സ്രാവുകള്‍ രക്ഷപ്പെടില്ല. കാപ്പാ -ഗുണ്ടാ നിയമപ്രകാരം മൂന്നിലധികം കേസില്‍ ഉള്‍പ്പെട്ടവരെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സൈബര്‍ സെല്‍ പ്രവര്‍ത്തനം സംസ്ഥാനത്ത് ശക്തമാക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമം അപര്യാപ്തമാണ്. സൈബര്‍ ഡോം നടപ്പാക്കുന്ന കാര്യം ആലോചിക്കും. ചെന്നിത്തല വ്യക്തമാക്കി.