Connect with us

Eranakulam

കാരാട്ടും വി എസും ഹാജരാകണമെന്ന ഉത്തരവിന് സ്റ്റേ

Published

|

Last Updated

കൊച്ചി: ക്രൈം നന്ദകുമാറിന്റെ സ്വകാര്യ അന്യായത്തില്‍ സാക്ഷികളായി സി പി എം നേതാക്കളായ പ്രകാശ് കാരാട്ട്, വി എസ് അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ ഹാജരാകണമെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നേതാക്കളെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും താത്കാലികമായി ഒഴിവാക്കി.
പി ശശിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നല്‍കിയ സ്വകാര്യ അന്യായത്തില്‍ സി പി എം നേതാക്കളോട് ഈ മാസം 16ന് ഹാജരാകണമെന്ന് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.
മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ നടപടി. എതിര്‍ കക്ഷിയായ നന്ദകുമാറിന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.
പത്രവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരയെ സാക്ഷിയാക്കാതെയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുള്ളത്. നേരിട്ട് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് സക്ഷിയായി മൊഴി നല്‍കാനാകില്ല. കേസ് നിലനില്‍ക്കുന്നതാണോയെന്ന കാര്യം പരിഗണിക്കുന്നതിന് മുമ്പ് തെളിവ് നല്‍കാന്‍ ആവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് സമന്‍സ് അയച്ചത് നിയമപരമല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest